കേരളത്തിൽ കൊവിഡ് മരണങ്ങൾ നാലായി; കഴിഞ്ഞ ദിവസം മരണപ്പെട്ടത് ചാവക്കാട് സ്വദേശി; സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത് കൂടുതൽ കേസുകൾ

single-img
22 May 2020

തൃശൂര്‍: കോവിഡ് ബാധിച്ച്‌ കഴിഞ്ഞ ദിവസം ഒരാൾ കൂടി മരണപ്പെട്ടതോടെ കേരളത്തില്‍ കോവിഡ് മരണങ്ങൾ നാലായി. മുംബൈയില്‍ നിന്ന് തൃശൂരിലെത്തിയ എഴുപത്തിമൂന്നുകാരിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. മുംബൈയില്‍നിന്ന് റോഡ് മാര്‍ഗമാണ് ഇവര്‍ നാട്ടിലെത്തിയത്.ചാവക്കാട്‌ താലൂക്ക്‌ ആശുപ്ത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.

പാലക്കാട് വഴി പ്രത്യേക വാഹനത്തില്‍ പെരിന്തല്‍മണ്ണ വരെ മൂന്ന് പേരോടൊപ്പം യാത്ര ചെയ്തുവന്ന ഇവര്‍ക്ക് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മകന്‍ ആംബുലന്‍സുമായി ചെല്ലുകയും ഇവരെ മേയ് 20 ന് പുലര്‍ച്ചെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതിനു തീരുമാനിച്ചിരുന്നെങ്കിലും അതിനു മുന്‍പ് മരണം സംഭവിക്കുകയായിരുന്നു.

ഇവര്‍ക്ക് നേരത്തെ തന്നെ പ്രമേഹവും രക്താദിമര്‍ദവും ശ്വാസതടസവും ഉണ്ടായിരുന്നു. മരണപ്പെട്ട വ്യക്തിയുടെ സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. കോവിഡ് ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഇവരുടെ മകനും ആംബുലന്‍സ് ഡ്രെെവറും ഇപ്പോള്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണെന്ന് തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു

അതേ സമയം സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തില്‍ 24 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് സംസ്ഥാനത്ത് ആശങ്ക പരത്തുന്നു. അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കുന്നു.

മലപ്പുറം ജില്ലയില്‍ നിന്നുള്ള അഞ്ച് പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോട്ടയം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള മൂന്ന് പേര്‍ക്ക് വീതവും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്ന് രണ്ട് പേര്‍ക്ക് വീതവും ഇടുക്കി, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് അവസാനം രോഗം സ്ഥിരീകരിച്ചത്.