അതിജീവനത്തിനായി മകൾ അച്ഛനെ പിന്നിലിരുത്തി സൈക്കിള്‍ ചവിട്ടിയത് 1200 കി.മീ; ട്രയല്‍സിന് ക്ഷണിച്ച് സൈക്ലിങ് ഫെഡറേഷന്‍

single-img
22 May 2020

ഡല്‍ഹി: പരിക്കുപറ്റി ശരിക്ക് എഴുന്നേറ്റുനില്‍ക്കാന്‍ പറ്റാത്ത അച്ഛന്‍, നീണ്ടുകിടക്കുന്ന റോഡ്. പതിനഞ്ചുകാരിയായ ജ്യോതികുമാരിക്ക് അച്ഛനെ 1200 കിലോമീറ്റര്‍ അകലെയുള്ള വീട്ടിലെത്തിച്ചേ മതിയാകൂ. കൈയിലുള്ള പൈസകൊടുത്ത് ഒരു സൈക്കിള്‍വാങ്ങി അച്ഛനെ പിന്നിലിരുത്തി ജ്യോതി ചവിട്ടി. വിശപ്പും വെയിലും വിജന പാതകളും അവളെ തളര്‍ത്തിയില്ല. അച്ഛനെ വീട്ടിലെത്തിക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു മുന്നില്‍.

ഡല്‍ഹി – ഹരിയാണ അതിര്‍ത്തിയായ ഗുരുഗ്രാമില്‍ നിന്ന് ഏഴുദിവസംകൊണ്ട് ജ്യോതിയും അച്ഛനും ബിഹാറിലെ വീട്ടിലെത്തി. അസാധാരണമായ ഈ കഥ കേട്ടറിഞ്ഞ ദേശീയ സൈക്ലിങ് ഫെഡറേഷന്‍ ജ്യോതിലെ സൈക്ലിങ് താരമാക്കി വളര്‍ത്താനുള്ള ശ്രമത്തിലാണിപ്പോള്‍.

ഡല്‍ഹിയില്‍ ഓട്ടോറിക്ഷ തൊഴിലാളിയായിരുന്നു ജ്യോതിയുടെ അച്ഛന്‍ മോഹന്‍ പാസ്വാന്‍. സ്വദേശം ബിഹാറില്‍. അതിനിടെ മോഹന് ഒരു അപകടംപറ്റി. കുറച്ചുകഴിഞ്ഞപ്പോള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഓട്ടോറിക്ഷ തിരികെനല്‍കാന്‍ മുതലാളിയുടെ സമ്മര്‍ദ്ദമുണ്ടായി. ഇതോടെ എങ്ങനെയും അച്ഛനെ വീട്ടിലെത്തിക്കാന്‍ ജ്യോതി തീരുമാനിച്ചു. അങ്ങനെയാണ് സൈക്കിളിലെ സാഹസിക യാത്ര തുടങ്ങിയത്.ബിഹാറിലെ ദര്‍ബാംഗ എന്ന സ്ഥലത്തെ വീട്ടിലെത്തിയ അച്ഛനെയും മകളെയും നാട് ആവേശത്തോടെ സ്വീകരിച്ചു. ശേഷം ഇരുവരും ക്വാറന്റീനിലായി. ചിലപ്പോഴെല്ലാം വെള്ളമായിരുന്നു ഭക്ഷണം. എങ്കിലും കഷ്ടപ്പാട് കണ്ടറിഞ്ഞ് പലരും വഴിയരികില്‍ ഭക്ഷണം തന്നിട്ടുണ്ടെന്ന് ജ്യോതി പറഞ്ഞു.

ഇത് അസാമാന്യമായ കായിക ശേഷിയാണെന്ന് തിരിച്ചറിഞ്ഞ ദേശീയ സൈക്ലിങ് ഫെഡറേഷന്‍ ജ്യോതിയെ ട്രയല്‍സിന് ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെട്ടാല്‍ ദേശീയ സൈക്ലിങ് അക്കാദമിയില്‍ വിദഗ്ധ പരിശീലനം നല്‍കുമെന്ന് ഫേഡറേഷന്‍ ചെയര്‍മാന്‍ ഓംകാര്‍ സിങ് പറഞ്ഞു.ലോക്ഡൗണ്‍ അവസാനിച്ചശേഷം ഡല്‍ഹിയിലായിരിക്കും ട്രയല്‍സ്. ”1200 കിലോമീറ്റര്‍ ദൂരം തുടര്‍ച്ചയായി സൈക്കിള്‍ ഓടിക്കുന്നത് നിസ്സാരമായ കാര്യമല്ല. അതിന് അസാധാരണമായ കായികശേഷിയും മനക്കരുത്തും വേണം. ഇപ്പോഴേ നല്ല പരിശീലനം ലഭിച്ചാല്‍ അവള്‍ ഏറെ ഉയരത്തിലെത്തും” – ഓംകാര്‍ കൂട്ടിച്ചേര്‍ത്തു.