സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നേർക്കാഴ്ചകളുമായി ആമസോൺ പ്രൈമിലെ “പാതാളലോകം”

single-img
20 May 2020

“നമ്മൾ വീരന്മാരായിരുന്നു. നമ്മളെപ്പോലെയുള്ളവർ. പിന്നീട് ഈ രാജ്യത്ത് എന്തോ മാറ്റമുണ്ടായി. ഇപ്പോൾ നമ്മൾ ട്രോൾ ചെയ്യപ്പെടുന്നു.. കൊല്ലപ്പെടുന്നു. ജോലിയിൽ നിന്നും പിരിച്ചുവിടപ്പെടുന്നു.”

സഞ്ജീവ് മെഹ്ര എന്ന മുതിർന്ന മാധ്യമപ്രവർത്തകൻ തന്റെ സഹപ്രവർത്തകയായ സാറാ മാത്യൂസിനോട് പറയുന്ന സംഭാഷണമാണിത്. ഇത്തരത്തിൽ അടിമുടി രാഷ്ട്രീയം നിറഞ്ഞ കഥയും സന്ദർഭങ്ങളും സംഭാഷണങ്ങളും തന്മയത്വത്തോടെ വിളക്കിച്ചേർത്ത ഒന്നാണ് ആമസോൻ പ്രൈമിലെ ഏറ്റവും പുതിയ വെബ് പരമ്പരയായ “പാതാൾ ലോക്”.

രാജ്യതലസ്ഥാനമായ ഡൽഹിയുടെ കിഴക്കൻ അതിർത്തിയ്ക്കടുത്തുള്ള ഔട്ടർ യമുനാ പാർ പൊലീസ് സ്റ്റേഷനിലെ ഒരു സാധാരണ ഇൻസ്പെക്ടറായ ഹാഥി റാം ചൌധരിയുടെ മുന്നിൽ യാദൃശ്ചികമായി ഒരു ഹൈ പ്രൊഫൈൽ കേസ് എത്തിച്ചേരുന്നതാണ് ഇതിന്റെ കഥാതന്തു.

ഹാഥിറാം ചൌധരിയുടെ ഭാഷയിൽപ്പറഞ്ഞാൽ ‘ഈ ദുനിയാവ് ഒന്നല്ല മൂന്നാണ്. ഏറ്റവും മുകളിൽ ദൈവങ്ങൾ വസിക്കുന്ന സ്വർഗലോകം. ഇടയിൽ ഭൂമി- അവിടെ മനുഷ്യർ വസിക്കുന്നു. ഏറ്റവും താഴെയുള്ളത് കീടസമാനരായവർ വസിക്കുന്ന പാതാള ലോകം’. ചൌധരി ‘വാട്സാപ്പ്’ വഴി വായിച്ചറിഞ്ഞതാണിത്. ഔട്ടർ യമുനാ പാർ സ്റ്റേഷൻ പരിധി അത്തരത്തിലൊരു പാതാളമാണെന്ന് ചൌധരി കരുതുന്നു. ‘ചില കീടങ്ങൾ മറ്റു കീടങ്ങളെ കൊല്ലുന്നു, ചിലർ സൈക്കിൾ മോഷ്ടിക്കുന്നു, ചിലർ ഭാര്യമാരെ മർദ്ദിക്കുന്നു‘- ഇതൊക്കെയാണ് അവിടുത്തെ കേസുകൾ. ഇതൊന്നും എത്ര നന്നായി അന്വേഷിച്ചാലും തങ്ങൾക്ക് പ്രൊമോഷൻ ലഭിക്കാൻ പോകുന്നില്ലെന്ന് ചൌധരി തന്റെ സബ് ഇൻസ്പെക്ടറായ ഇമ്രാൻ അൻസാരിയോട് പറയുന്നു.

ചൌധരി പറയുന്ന സ്വർഗലോകമായ ലൂഥിയൻസ് ഡൽഹിയുമായി ബന്ധപ്പെട്ട ഒരു കേസാണ് തികച്ചും യാദൃശ്ചികമെന്നോണം പാതാളലോകത്തെ ഇൻസ്പെക്ടറായ ചൌധരിയ്ക്ക് അന്വേഷിക്കേണ്ടി വരുന്നത്. തലസ്ഥാനത്തെ ഒരു ഹൈപ്രൊഫൈൽ മാധ്യമപ്രവർത്തകനെ കൊലപ്പെടുത്താനെത്തിയവരാണ് കസ്റ്റഡിയിലായത്. ഈ കേസിന്റെ പിന്നാലെയുള്ള ഓട്ടം ചൌധരിയേയും അൻസാരിയെയും സമൂഹത്തിന്റെ വിവിധതലങ്ങളിൽ എത്തിക്കുന്നുണ്ട്. സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പ്രശ്നങ്ങളിലൂടെ ഇവർക്ക് യാത്ര ചെയ്യേണ്ടി വരുന്നുണ്ട്.

“നമ്മൾ ലിബറലുകൾ എപ്പോഴുമിങ്ങനെ ക്ലീഷെയാണ്. ഒരു ഹ്യൂമൻ സ്റ്റോറി ഉണ്ടാക്കാൻ നമുക്കാകെ വെണ്ടത് ഒരു മുസ്ലീം ക്രിമിനലിനെയാണ്, അല്ലെങ്കിൽ ഒരു എൽജിബിടി കഥാപാത്രം” എന്ന് തമാശയായി സാറാ മാത്യൂസിനോട് നീരജ് കാബെ അവതരിപ്പിക്കുന്ന സഞ്ജീവ് മെഹ്ര പറയുന്നുണ്ടെങ്കിലും ആ ക്ലീഷെയിലെ യാഥാർത്ഥ്യങ്ങൾ “പാതാൾ ലോക്” നമുക്ക് മുന്നിൽ തുറന്ന് കാട്ടുന്നുണ്ട്.

പഞ്ചാബിലെയും ഉത്തർ പ്രദേശിലെയും ജാതി രാഷ്ട്രീയവും ബീഫ് കഴിച്ചതിന്റെ പേരിൽ ആളുകളെ തല്ലിക്കൊല്ലുന്നതുമെല്ലാം കഥാതന്തുവിൽ ഒട്ടും മുഴച്ചുനിൽക്കാതെ ഇതിൽ ചർച്ചയാകുന്നു. സംഘപരിവാർ രാഷ്ട്രീയം മുഖ്യധാരയെ വിഴുങ്ങിയ ഒരു കാലത്ത് മാധ്യമങ്ങൾ എങ്ങനെയാണ് പോപ്പുലിസത്തെ ആശ്ലേഷിക്കുന്നതെന്ന് വ്യക്തമായി വരച്ചുകാട്ടുന്നുണ്ട് “പാതാൾ ലോകി”ൽ.

2014-ൽ മോദി അധികാരത്തിൽ വന്നതിന് ശേഷം ഇന്ത്യൻ സിനിമാനിർമ്മാണ വ്യവസായം സംഘപരിവാറിന്റെ പ്രൊപ്പഗാൻഡ ഫാക്ടറിയായി മാറിയ സാഹചര്യത്തിലാണ് നെറ്റ്ഫ്ലിക്സും ആമസോണുമെല്ലാം ഒരു സമാന്തര സംവിധാനങ്ങളായി ഇത്തരം വെബ് സീരീസുകൾ നമ്മുടെ മുന്നിലെത്തിക്കുന്നത്. നെറ്റ്ഫ്ലിക്സിലെ ലൈല, ഗൌൾ എന്നീ ഡിസ്റ്റോപ്പിയൻ സീരീസുകളും പിന്നീട് വന്ന സേക്രഡ് ഗെയിംസ് എന്നീ പരമ്പരകളുടെ ഗണത്തിൽ ചേർക്കാവുന്ന ഒന്ന് തന്നെയാണ് പാതാൾ ലോക്. സേക്രഡ് ഗെയിംസുമായി നിരവധി സാമ്യങ്ങൾ ഉണ്ടെങ്കിലും പാതാൾ ലോക് അതിന്റേതായ അതുല്യത നിലനിർത്തുന്നുണ്ട്.

എൻ എച്ച് 10, ഉഡ്താ പഞ്ചാബ്, സോൻ ചിഡിയാ തുടങ്ങിയ സിനിമകൾ രചിച്ച സുദീപ് ശർമയുടെ തിരക്കഥ തന്നെയാണ് “പാതാൾ ലോകി”ന്റെ ശക്തി. അവിനാശ് അരുണും പ്രസീത് റോയിയും ചേർന്ന് സംവിധാനം നിർവ്വഹിച്ച ഈ പരമ്പരയുടെ നിർമാണം അനുഷ്കാ ശർമയാണ്. ജയ്ദീപ് അഹ്ലാവത്, നീരജ് കാബി, അഭിഷേക് ബാനർജി, നിഹാരിക ലൈറ ദത്ത്, സ്വാസ്തിക മുഖർജി തുടങ്ങിയ അഭിനേതാക്കളുടെ മികച്ച പ്രകടനമാണ് “പാതാൾ ലോകി’നെ മികച്ചതാക്കുന്നത്. ഒൻപത് എപ്പിസോഡുകളാണ് പർമ്പരയുടെ ഒന്നാമത്തെ സീസണിൽ ഉള്ളത്.