കുട്ടികളും പ്രായമായവരും പൊതുസ്ഥലങ്ങളിൽ എത്തുന്നത് ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധം: ഡിജിപി

single-img
20 May 2020

സംസ്ഥാനത്തെ പത്തുവയസ്സിനു താഴെയുള്ള കുട്ടികളും 65 വയസ്സിന് മുകളിലുള്ള പ്രായമായവരും പൊതുസ്ഥലങ്ങളിലും കടകളിലും മറ്റും ഈ സമയം സന്ദര്‍ശനം നടത്തുന്നത് ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ . ഇത്തരത്തില്‍ എത്തുന്നവരെ നിരുത്സാഹപ്പെടുത്താന്‍ കടയുടമകള്‍ തന്നെ മുന്നോട്ട് വരണമെന്നും ഈ കാര്യത്തില്‍ സഹായവും ബോധവല്‍കരണവും നടത്തുന്നതിന് ജനമൈത്രി പോലീസ് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അന്തര്‍ ജില്ലാ യാത്രകള്‍ക്ക് കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ ആരംഭിച്ച സാഹചര്യത്തില്‍ യാത്രക്കാര്‍ സാമൂഹിക അകലം ഉള്‍പ്പടെയുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നു എന്ന കാര്യം ഉറപ്പാക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കി. ബസില്‍ കയറുന്നതിനായി ജനങ്ങള്‍ തിരക്ക് കൂട്ടുന്നത് ഒഴിവാക്കാനും പോലീസ് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേപോലെ തന്നെ വീടുകളിലും സ്ഥാപനങ്ങളിലും ക്വാറന്‍റെയ്നില്‍ കഴിയുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നത് കണ്ടെത്താന്‍ രൂപീകരിച്ച മോട്ടോര്‍ സൈക്കിള്‍ ബ്രിഗേഡ് സംവിധാനം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനും തീരുമാനമായി.

ഇതുപോലുള്ള പരിശോധനകള്‍ക്കായി ജില്ലയില്‍ കുറഞ്ഞത് 25 സംഘങ്ങളെ വീതം നിയോഗിക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ക്വാറന്‍റെയ്ന്‍ ലംഘനം കണ്ടെത്തുക, ക്വാറന്‍റെയ്ന്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുക, തനിയെ താമസിക്കുന്ന മുതിര്‍ന്ന പൗരന്‍മാരെ സന്ദര്‍ശിച്ച് ക്ഷേമം അന്വേഷിക്കുക എന്നിവയാണ് മോട്ടോര്‍ സൈക്കിള്‍ ബ്രിഗേഡിന്‍റെ പ്രധാന ചുമതല. ഈ പദ്ധതിയുടെ സംസ്ഥാനതല ഏകോപനത്തിന്‍റെ ചുമതല ദക്ഷിണ മേഖല ഐജി ഹര്‍ഷിത അട്ടലൂരിയാണ് വഹിക്കുന്നത്.