കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ പ്രവേശനം നിരോധിച്ച് കര്‍ണാടക

single-img
18 May 2020

അയല്‍ സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, കേരളം എന്നീ നാല് സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകളുടെ പ്രവേശനം കർണാടക സര്‍ക്കാര്‍ മെയ് 31 വരെ നിരോധിച്ചു. സംസ്ഥാനങ്ങൾ പരസ്പരമുള്ള പരസ്പര സമ്മതത്തോടെ മാത്രമേ യാത്രക്കാരെ അനുവദിക്കുകയുള്ളൂവെന്ന് കേന്ദ്രം ഇന്നലെ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ കര്‍ണാടകയുടെ പുതിയ തീരുമാനം പുറത്തുവന്നത്.

നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ്. അതേസമയം തന്നെ ഒറ്റ ദിവസംകൊണ്ട് 84 പുതിയ കൊറോണ വൈറസ് കേസുകളോടെ റിപ്പോര്‍ട്ട് ഉണ്ടായിട്ടും നിരവധി ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കാൻ കർണാടക തീരുമാനിച്ചു.

സംസ്ഥാന സര്‍ക്കാര്‍ മന്ത്രിസഭയിലെ മന്ത്രിമാരുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം കണ്ടെയ്ൻ‌മെൻറ് , റെഡ് സോൺ ഒഴികെ എല്ലായിടങ്ങളിലും സർക്കാർ ബസുകൾ ഓടിക്കാൻ അനുവദിക്കും എന്ന് മുഖ്യമന്ത്രി ബിഎസ്. യെദ്യൂരപ്പ പറഞ്ഞു. ജനങ്ങള്‍ തമ്മിലുള്ള സാമൂഹിക അകലം ഉറപ്പാക്കാൻ 30 യാത്രക്കാരെ മാത്രമേ ബസ്സുകളിൽ അനുവദിക്കൂ.