ലോക്ക് ഡൌണ്‍ അവസാനിച്ചാല്‍ സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് ഇരട്ടിയാക്കണം; ആവശ്യവുമായി ഗതാഗത വകുപ്പ്

single-img
15 May 2020

ലോക്ക് ഡൌണ്‍ അവസാനിച്ചാല്‍ കേരളത്തിൽ ബസ് ചാര്‍ജ്ജ് ഇരട്ടിയാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ഗതാഗത വകുപ്പ്. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരമുള്ള കൊവിഡ് നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെട്ട സാമൂഹിക അകലം പാലിച്ച് സര്‍വ്വീസ് നടത്തുമ്പോഴുള്ള നഷ്ടം ബസുടമകള്‍ക്ക് നികത്താന്‍ ഇതല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തുകയായിരുന്നു.

അതേപോലെ തന്നെ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക വാഹന സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാനും യോഗം തീരുമാനിച്ചു. സംസ്ഥാനത്ത് ഇപ്പോഴുള്ള നിരക്കിന്റെ 50 ശതമാനം കൂട്ടണം,അള്ളാ എങ്കില്‍ ഇരട്ടിയാക്കണം എന്നായിരുന്നു കെ.എസ്.ആര്‍.ടി.സി ഉയര്‍ത്തിയ ആവശ്യം. അതേപോലെ ഓര്‍ഡിനറി സര്‍വീസുകളില്‍ മിനിമം ചാര്‍ജ്ജ് എട്ട് രൂപയില്‍നിന്നും 16 രൂപയാക്കണം, ക്രമേണ ഇത് പണ്ട്രണ്ടോ പതിനഞ്ചോ ആക്കി ചുരുക്കാമെന്നും തുടര്‍ന്ന് പത്ത് രൂപ 20 ആയും 12 രൂപ 24 ആയും 13 രൂപ 26 ആയും ഉയര്‍ത്താം എന്നും ശുപാര്‍ശയില്‍ പറയുന്നു.

നിലവിലെ തീരുമാന പ്രകാരം ബസുകളില്‍ 50 ശതമാനം ആളുകളേ പാടുള്ളു എന്നതുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നിരക്ക് അനുവദിക്കാന്‍ കഴിയില്ല. അതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക വാഹന സൗകര്യം ഏര്‍പ്പെടുത്തണം എന്നതാണ് പ്രധാന ആവശ്യം. അതേപോലെ ലോക്ഡൗണിന് ശേഷം സര്‍വ്വീസുകള്‍ക്ക് അനുമതി ലഭിച്ചാല്‍ ജില്ലക്കുള്ളില്‍ ഓര്‍ഡിനറി മാത്രം മതിയെന്നാണ് തീരുമാനം.