ആവശ്യക്കാർ കുപ്പിയുമായി എത്തിയാൽ 1.5 ലിറ്റർ കള്ളു കിട്ടും: കേരളത്തിൽ കള്ളുഷാപ്പുകൾ ഇന്നു തുറക്കും

single-img
13 May 2020

ലോക്ക്ഡൗണിനെത്തുടർന്ന് അടച്ചിട്ട സംസ്ഥാനത്തെ കള്ളുഷാപ്പുകൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കും. ഒരാള്‍ക്ക് ഒന്നര ലിറ്റര്‍ കള്ളു വരെ വാങ്ങാം. ഷാപ്പില്‍ ഇരുന്ന് കഴിക്കാന്‍ അനുവദിക്കില്ല. രാവിലെ ഒമ്പതു മുതല്‍ രാത്രി ഏഴുവരെയാണ് പ്രവര്‍ത്തനസമയം. 

കള്ളുഷാപ്പുകളിൽ ഒരൊറ്റ കൗണ്ടർ മാത്രമായിരിക്കും തുറന്ന് പ്രവർത്തിക്കുക. പാഴ്‌സല്‍ വാങ്ങാന്‍ മാത്രമാണ് അനുവദിക്കുക.കള്ളു വാങ്ങേണ്ടവർ കുപ്പിയുമായി വരണം. ഒരുസമയം ക്യൂവില്‍ അഞ്ചുപേരില്‍ കൂടുതല്‍ ഉണ്ടാകരുത്. സാമൂഹിക അകലം പാലിക്കണമെന്ന നിർദേശം നിലനിൽക്കുന്നതിനാൽ കള്ളുഷാപ്പുകളിൽ ഭക്ഷണം അനുവദിക്കില്ലെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. 

ആവശ്യമായ തൊഴിലാളികളെ മാത്രമേ ഷാപ്പില്‍ അനുവദിക്കാവൂ. കള്ളു വാങ്ങാനെത്തുന്നവരും തൊഴിലാളികളും സാമൂഹിക അകലം പാലിക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെയാണ് സര്‍ക്കാര്‍ കള്ളുഷാപ്പുകള്‍ തുറക്കാന്‍ അനുമതി നല്‍കിയത്. 3590 കള്ളുഷാപ്പുകളാണ് സംസ്ഥാനത്ത് ഉള്ളത്. കള്ളുഷാപ്പുകളിൽ നിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ക‍ർശന നിരീക്ഷണം നടത്തണമെന്ന് എക്സൈസ് കമ്മീഷണ‍ർ ഉദ്യോ​ഗസ്ഥർക്ക് നി‍ർദേശം നൽകി.