കേരളത്തിൽ ഇന്ന് 5 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; സംസ്ഥാനം കൊവിഡ് പ്രതിരോധത്തിന്റെ പുതിയഘട്ടത്തിലെന്ന് മുഖ്യമന്ത്രി

single-img
12 May 2020

കേരളത്തിൽ ഇന്ന് 5 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം ജില്ലയിൽമൂന്ന് പേർക്കും കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഒരോ ആളുകൾക്ക് വീതവും കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ച പുതിയ കൊവിഡ് രോഗികളിൽ നാല് പേരും വിദേശത്ത് നിന്നും വന്നവരാണ്. ഒരാൾ ചെന്നൈയിൽ നിന്നും വന്നതാണ്

ഇന്നത്തോടെ സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 32 ആയി. കഴിഞ്ഞ ദിവസം 7 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. കേരളത്തിൽ കൊവിഡ് രോഗവ്യാപനം തടയാനായിരുന്നു സർക്കാരിന്റെ ശ്രമം. അതിന് സാധിച്ചിട്ടുണ്ട്. രോഗ പ്രതിരോധത്തിന്റെ പുതിയ ഘട്ടത്തിലേക്ക് നാം കടന്നു. വിദേശത്ത് നിന്നും സംസ്ഥാനങ്ങളിൽ നിന്നും പ്രവാസി സഹോദങ്ങൾ തിരിച്ചെത്തുന്നു.

ഈയാഴ്ച മുതൽ കൂടുതൽ പേരെത്തും. പുറത്തുള്ള രോഗബാധിത മേഖലയിൽ നിന്ന് വരുന്നവരെയും കുടുംബത്തെയും സംരക്ഷിക്കുക, സമൂഹവ്യാപന ഭീതിയെ അകറ്റി നിർത്തുക എന്നിവയാണ് ലക്ഷ്യങ്ങൾ. കേരളത്തിൽ നിലവിൽ 32 രോഗബാധിതരുണ്ട്. ഇവരിൽ 23 പേർക്കും വൈറസ് ബാധിച്ചത് കേരളത്തിന് പുറത്ത് നിന്ന്. ചെന്നൈയിൽ നിന്ന് വന്ന ആറ് പേർ, മഹാരാഷ്ട്രയിൽ നിന്ന് വന്ന നാല് പേർ, വിദേശത്ത് നിന്ന് 11, നിസാമുദ്ദീനിൽ നിന്ന് വന്ന രണ്ട് പേരും രോഗികൾ.

ഇതിൽ സമ്പർക്കത്തിലൂടെ വൈറസ് ബാധിച്ച ഒൻപത് പേരിൽ ആറ് പേർ വയനാട്ടിലാണ്.ചെന്നൈയിൽ പോയി വന്ന ട്രക്ക് ഡ്രൈവറുടെ മൂന്ന് കുടുംബാംഗങ്ങൾക്കും സഹഡ്രൈവറുടെ മകനും സമ്പർക്കത്തിലെത്തിയ മൂന്ന് പേർക്കും കൊവിഡ് ബാധിച്ചു. വയനാടിന് പുറത്ത് രോഗബാധയുണ്ടായ മൂന്ന് പേർ വിദേശത്ത് നിന്ന് വന്നവരുടെ ഉറ്റവർ. സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപന തോത് സങ്കൽപ്പിക്കാനാവില്ല.

കാസർകോട് ജില്ലയിൽ ഒരാളിൽ നിന്ന് 22 പേർക്കാണ് വൈറസ് ബാധിച്ചത്.കണ്ണൂരിൽ ഒരാളിൽ നിന്നും ഒൻപത് പേരിലേക്കും. വയനാട്ടിൽ ഒരാളിൽ നിന്നും ആറ് പേരിലേക്കും രോഗം പകർന്നു.കാര്യങ്ങൾ എളുപ്പമല്ല. നിയന്ത്രണം പാളിയാൽ കൈവിട്ട് പോകും. അപ്രതീക്ഷിതമായ വിപത്ത് നേരിടേണ്ടി വരും. അതിനാലാണ് ആവർത്തിച്ച് പറയുന്നത്. വരാനിടയുള്ള ആപത്തിൽ ജാഗ്രത പുലർത്തണം. ഇതേവരെ രോഗബാധ വേഗത്തിൽ കണ്ടെത്താനും സുരക്ഷയൊരുക്കാനും സാധിച്ചു. ഇപ്പോൾ കൂടുതൽ പേർ സംസ്ഥാനത്തേക്ക് വരുന്നു. അവർക്ക് സുരക്ഷയൊരുക്കാനാവണം.

ഇത് വലിയ വെല്ലുവിളിയാണ്. റോഡ്, റെയിൽ, വ്യോമ, നാവിക മാർഗങ്ങളിലൂടെ ആളുകൾ എത്തുന്നു. 33116 പേർ റോഡ് വഴിയും വിമാനം വഴി 1406 പേരും കപ്പലുകൾ വഴി 833 പേരും കേരളത്തിലെത്തി. നാളെ ട്രെയിൻ സർവീസും ആരംഭിക്കും. ഇതുവരെയുള്ള പോസിറ്റീവ് കേസിൽ 70 ശതമാനം പുറത്തുനിന്ന് വന്നതും 30 ശതമാനം സമ്പർക്കത്തിലൂടെയുമാണ്. രോഗവ്യാപന നിരക്ക് ഒന്നിൽ താഴെയാണ്. മരണനിരക്കും കുറയ്ക്കാനായി. ബ്രേക് ദി ചെയിനും ക്വാറന്റീനും റിവേഴ്സ് ക്വാറന്റീനും വിജയിപ്പിക്കാനായത് നേട്ടങ്ങൾക്ക് കാരണം. മുഖ്യമന്ത്രി പറഞ്ഞു.