പത്തുവയസ്സുള്ള സഹോദരിയെയും കൂട്ടുകാരികളെയും അറസ്റ്റു ചെയ്യണമെന്നാവശ്യവുമായി കസബ പൊലീസിന് എട്ടുവയസ്സുകാരൻ്റെ പരാതി

single-img
12 May 2020

തൻ്റെ പത്തുവയസ്സുള്ള സഹോദരിയെയും കൂട്ടുകാരികളെയും അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി കസബ് പൊലീസിന് എട്ടുവയസ്സുകാരൻ്റെ പരാതി. വീടിന് മുന്നിലൂടെ നടന്നുപോയ ജനമൈത്രി പൊലീസുകാര്‍ക്കാണ് കുട്ടി പരാതി നല്‍കിയത്. സഹോദരിയെയും കൂട്ടുകാരികളും ബന്ധുക്കളുമായ നാലുപേരെയും അറസ്റ്റുചെയ്യണമെന്നായിരുന്നു പരാതിയിലൂടെ എട്ടുവയസ്സുകാരൻ ആവശ്യപ്പെട്ടത്. 

ഇംഗ്ലീഷില്‍ എഴുതിയ പരാതിയില്‍ ചേച്ചിയെയും കൂട്ടുകാരികളെയും ഉടന്‍ അറസ്റ്റുചെയ്യണമെന്ന ആവശ്യമാണുണ്ടായിരുന്നത്. സഹോദരി ഉള്‍പ്പെടെ അഞ്ചുപേരുടെയും പ്രായവും പേരും പരാതിയിലുണ്ടായിരുന്നു. ഒപ്പം പരാതിക്കാരന്റെ പൂര്‍ണമേല്‍വിലാസവും.പരാതി കണ്ട് അമ്പരന്ന പൊലീസ് ഉടന്‍തന്നെ പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുകയായിരുന്നു. 

ഇതിനായി രക്ഷിതാക്കളുടെ സഹായത്തോടെ പരാതിക്കാരനെയും സഹോദരി ഉള്‍പ്പെടെയുള്ള അഞ്ചുപേരെയും കസബ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തുകയും വിവരങ്ങൾ ആരായുകയും ചെയ്തു. തന്നെ കളിക്ക് കൂട്ടുന്നില്ലെന്നും ചേച്ചിയുള്‍പ്പെടെയുള്ളവര്‍ കളിയാക്കുകയാണെന്നുമായിരുന്നു പരാതിക്കാരൻ പൊലീസിനോടു പറഞ്ഞത്. 

കസബ സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഉമേഷ്, കെ ടി നിറാസ് എന്നിവര്‍ പരാതി വിശദമായി കേൾക്കുകയും മധ്യസ്ഥശ്രമം നടത്തുകയും ചെയ്തു. പരാതിക്കാരനെയും സഹോദരിയെയും കൂട്ടുകാരികളെയും ഒന്നിച്ചിരുത്തി ഇനി ളിക്കുവാൻ വിളിക്കാമെന്ന ‘ഉടമ്പടി’യുണ്ടാക്കി. കളിക്ക് കൂട്ടാമെന്നും കളിയാക്കില്ലെന്നും പൊലീസുകാരുടെ സാന്നിധ്യത്തില്‍ ഉറപ്പുലഭിച്ചതോടെ പരാതിക്കാരൻ മാതാപിതാക്കളോടും സഹോദരിയോടുമൊപ്പം വീട്ടിലേക്കു തിരിച്ചു പോയി.