കൊവിഡ് 19: ഇന്ത്യന്‍ 2 ഉൾപ്പെടെ നിർത്തിവെച്ചിരുന്ന അഞ്ച് തമിഴ് ചിത്രങ്ങളുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍‌ പുനരാരംഭിച്ചു

single-img
11 May 2020

കൊവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരുന്ന തമിഴ് സിനിമകളുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍‌ പുനരാരംഭിച്ചു. ശങ്കർ സംവിധാനം ചെയ്യുന്ന കമൽ സിനിമ ഇന്ത്യന്‍ 2 അടക്കം അഞ്ച് ചിത്രങ്ങളുടെ ജോലികള്‍ ഇന്ന് ആരംഭിച്ചു.

സൂപ്പർ താരം വിജയ് നായകനാവുന്ന ലോകേഷ് കനകരാജി ചിത്രം മാസ്റ്റര്‍ ഉള്‍പ്പെടെ എട്ട് സിനിമകളുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നാളെ ആരംഭിക്കും. ഫെഫ്‍സി (ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ) വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണ് ഈ വിവരം.

ഇപ്പോൾ നിര്‍ത്തിവച്ചിരിക്കുന്ന സിനിമകളുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുനരാരംഭിക്കാന്‍ അനുവദിക്കണമെന്ന് തമിഴ്‍നാട് മുഖ്യമന്ത്രിയോട് ഫെഫ്‍സി കഴിഞ്ഞ ദിവസം അഭ്യര്‍ഥിച്ചിരുന്നു. ചിത്രീകരണം പൂർത്തിയായ സിനിമകളുടെ ഡബ്ബിംഗ്, സൗണ്ട് മിക്സിംഗ്, റീ റെക്കോര്‍ഡിംഗ്, എഡിറ്റിംഗ് എന്നിവയ്ക്കൊപ്പം സീരിയല്‍ ചിത്രീകരണവും സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്താന്‍ അനുവദിക്കണമെന്നായിരുന്നു സംഘടനയുടെ അഭ്യര്‍ഥന.

അനുകൂല തീരുമാനം എടുത്താൽ സംഘടനയിലെ അന്‍പത് ശതമാനത്തിനെങ്കിലും വരുമാനം ലഭിക്കുമെന്നും സംഘടന മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതുവരെയുള്ള ദിവസങ്ങളിൽ താരങ്ങളുടെയും നിര്‍മ്മാതാക്കളുടെയും സിനിമാ സംഘടനകളുടെയും സഹായത്താല്‍ തങ്ങളുടെ സംഘടനയിലെ അംഗങ്ങള്‍ക്ക് ഇത്രയും ദിവസം ചില സഹായങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞെന്നും എന്നാല്‍ മുന്നോട്ടും തൊഴില്‍ മുടങ്ങുന്ന സാഹചര്യമാണെങ്കില്‍ അത് കഴിയില്ലെന്നും പട്ടിണി മരണങ്ങള്‍ പോലും സംഭവിച്ചേക്കാമെന്നും ഫെഫ്‍സി പ്രസിഡന്‍റ് ആര്‍ കെ ശിവമണി അറിയിച്ചിരുന്നു.