കോവിഡ് ചികിത്സയ്ക്ക് തൻ്റെ കെെയിൽ മരുന്നുണ്ടെന്നു പറഞ്ഞ് കോവിഡ് വാര്‍ഡില്‍ കയറി: പൊലീസ് പിടികൂടിയ ദിവാകരൻ 21 ദിവസത്തെ ക്വാറൻ്റെെൻ കഴിഞ്ഞ് ഇന്നലെ ഇറങ്ങി

single-img
9 May 2020

കോവിഡ് ചികിത്സിച്ചു മാറ്റാന്‍ തൻ്റെ പക്കൽ മരുന്നുണ്ടെന്ന് അവകാശപ്പെട്ട് രോഗികളോടൊപ്പം ചെലവഴിച്ചയാള്‍ ക്വാറന്റൈന്‍ കഴിഞ്ഞിറങ്ങി. തന്റെ കൈവശം മരുന്നുണ്ടെന്ന് അവകാശപ്പെട്ട ഇയാള്‍ ജില്ലാ ആശുപത്രിയിലെ കോവിഡ് വാര്‍ഡില്‍ രഹസ്യമായി കയറുകയായിരുന്നു. അവിടെ വച്ച് പൊലീസ് പിടികൂടി ക്വാറൻ്റെെൻ ചെയ്യുകയായിരുന്നു. 

കണ്ണൂര്‍ പൊടിക്കുണ്ട് സ്വദേശിയും റെയ്കി, സുജോക്കി ചികിത്സ നടത്തുന്നയാളുമായ പി ദിവാകരനാണ് ജില്ലാ ആശുപത്രിയിലെ കോവിഡ് വാര്‍ഡില്‍ കയറി ചികിത്സിക്കാൻ ശ്രമിച്ചത്. അനധികൃതമായി വാര്‍ഡില്‍ കടന്നതിന്റെ പേരില്‍ ആശുപത്രി അധികൃതരുടെ നിര്‍ദേശപ്രകാരം സിറ്റി പൊലീസ് എത്തി അറസ്റ്റുചെയ്യുകയായിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 15നാണ് സഭവം.

സുജോക്കി എന്ന കൊറിയന്‍ ചികിത്സാരീതിയില്‍ പരിഹാരമുണ്ടെന്നുകാണിച്ച് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, കലക്ടര്‍, ഗവ. മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലേക്ക് ദിവാകരൻ മെയില്‍ ചെയ്തിരുന്നു. തന്റെ പ്രതിരോധസൂചി ചികിത്സയിലൂടെ രോഗം വരില്ലെന്ന് തെളിയിക്കാന്‍ കോവിഡ് രോഗികള്‍ക്കൊപ്പം കഴിയാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 

മുഖ്യമന്ത്രിയിൽ നിന്നും ആരോഗ്യ മന്ത്രിയിൽ നിന്നും മറുപടി ലഭിക്കാതിരുന്നതിനെത്തുടര്‍ന്നാണ് രഹസ്യമായി കോവിഡ വാര്‍ഡില്‍ കയറിയത്. ജില്ലാ ആശുപത്രിയില്‍ പോകാന്‍ ആംബുലന്‍സ് വരുത്തി അതില്‍ യാത്രചെയ്യുകയായിരുന്നു. ചികിത്സയുടെ ഭാഗമായി കൈയില്‍ ചെറിയ സൂചികള്‍ തറപ്പിച്ചിരുന്നുവെന്നും ദിവാകരന്‍ വ്യക്തമാക്കി. 

പകർച്ചവ്യാധി നിരോധന നിയമപ്രകാരം കേസെടുത്ത പൊലീസ് ഇയാളെ ക്വാറൻ്റെെൻ ചെയ്യുകയായിരുന്നു.