വിശാഖപട്ടണത്ത് വിഷവാതക ദുരന്തം; മൂന്നു പേർ മരിച്ചു, ഗുരുതരാവസ്ഥയിൽ 20 പേർ

single-img
7 May 2020

വിശാഖപട്ടണം : ആന്ധ്രപ്രദേശില്‍ വിശാഖ പട്ടണത്ത് വിഷവാതക ദുരന്തം. വെങ്കിട്ടപുരം ഗ്രാമത്തിലെ എല്‍ജി പോളിമര്‍ ഇന്‍സ്ട്രി കമ്പനിയിൽ നിന്ന് ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് വിഷവാതക ചോര്‍ച്ച ഉണ്ടായത്.

എട്ടുവയസ്സുള്ള പെണ്‍കുട്ടി ഉള്‍പ്പെടെ മൂന്നു പേർ ഇതിനോടകം മരിച്ചതായി സ്ഥിരീകരിച്ചു.നിരവധിപ്പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.പലരുടേയും നുില ഗുരുതരമാണ്. കൂടുതൽ പേർ വീടുകളിൽ അബോധാവസ്ഥയിൽ കിടക്കുകയാണെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

അഞ്ചു കിലോമീറ്റര്‍ പരിധിയില്‍ വിഷവാതകം പരന്നു. ഇതേത്തുടര്‍ന്ന് 20 ഗ്രാമങ്ങളിലെ ജനങ്ങളെ പൊലീസും അധികൃതരും ഒഴിപ്പിക്കുകയാണ്. പൊലീസ് നിര്‍ദേശം നല്‍കിയിട്ടും പ്ലാന്റിന് സമീപത്തെ ജനങ്ങളില്‍ നിന്നും പ്രതികരണം ഉണ്ടാകാത്തത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. 

ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ച കമ്പനി ഇന്നലെയാണ് തുറന്നത്. സ്റ്റെറീന്‍ വാതകമാണ് ഇവിടെ നിന്നും ചോര്‍ന്നത്. വാതക ചോര്‍ച്ച ഇതുവരെയും നിയന്ത്രണവിധേയമായിട്ടില്ല. അതു കൊണ്ടു തന്നെ നിലവിലെ സാഹചര്യം രക്ഷാപ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ട്.