വിശാഖപട്ടണം വിഷ വാതക ദുരന്തം: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

single-img
7 May 2020

ആന്ധ്ര പ്രദേശിലെ വിശാഖപട്ടണത്തെ എൽജി പോളിമർ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ നടന്ന വിഷവാതകചോര്‍ച്ച ദുരന്തത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസ് എടുത്തു. സംസ്ഥാന സർക്കാരിനും കേന്ദ്ര സർക്കാരിനും നോട്ടിസ് നല്‍കിയ കമ്മീഷന്‍ നാല് ആഴ്ചകള്‍ക്ക് ഉള്ളില്‍ നോട്ടീസിന് മറുപടി നൽകാനും നിര്‍ദ്ദേശം നല്‍കി.

കമ്മീഷൻ സംസ്ഥാന ചീഫ്സെക്രട്ടറിക്ക് അയച്ച നോട്ടീസില്‍ അപകടത്തെക്കുറിച്ചും തുടർന്ന് സര്‍ക്കാര്‍ സ്വീകരിച്ച രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദമായ മറുപടി നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യം ഇപ്പോൾ കടന്നുപോകുന്ന കൊവിഡ് വൈറസിനെ തുടർന്നുള്ള ലോക്ഡൗണിന്‍റെ പശ്ചാത്തലത്തില്‍ നിരവധിപ്പോരായിരുന്നു ഈ പ്രദേശത്ത് വീടുകളിലുണ്ടായിരുന്നത്.

മാത്രമല്ല, ഈ അപകടം നടന്നത് പുലര്‍ച്ചെയായിരുന്നതിനാല്‍ പലരും ഉറക്കത്തിലായിരുന്നു. ഇതുവരെയുള്ള കണക്കുകൾ പ്രകാരം വിഷവാതകം ശ്വസിച്ച് മുന്നൂറ്റി പതിനാറ് പേരെയാണ് വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.ഇവരിൽ 80 പേരുടെ നില ഗുരുതരമായി തുടരുകയാണ്.