ഗ്രൂപ്പിൽ പെൺകുട്ടികളെ ബലാത്സം​ഗം ചെയ്യുന്നതിനെ കുറിച്ച് ചർച്ച; ‘ബോയ്സ് ലോക്കര്‍ റൂം’ വിവാദത്തിൽ ഒരു സ്കൂള്‍ വിദ്യാര്‍ത്ഥി പൊലീസ് കസ്റ്റഡിയില്‍

single-img
5 May 2020

ഡൽഹി : ഇൻസ്റ്റ​ഗ്രാം ​ഗ്രൂപ്പിൽ പെൺകുട്ടികളെ ബലാത്സം​ഗം ചെയ്യുന്നതിനെ കുറിച്ച് ചർച്ച ചെയ്ത വിദ്യാർത്ഥി കസ്റ്റഡിയിൽ. ഡൽഹിയിലെ പ്രശസ്തമായ ഒരു സ്കൂളിലെ വിദ്യാർത്ഥിയെയാണ് കസ്റ്റഡിയിലെടുത്തത്. 20 ഓളം വിദ്യാർത്ഥികൾ ഉൾപ്പെടുന്ന ഇൻസ്റ്റ​​ഗ്രാം ​ഗ്രൂപ്പിലാണ് സ്കൂൾ വിദ്യാർത്ഥിനികളെ ബലാത്സം​ഗം ചെയ്യുന്നതിനെ കുറിച്ച് ചർച്ച നടന്നത്. പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലം പ്രചരിപ്പിക്കുക, ബലാത്സംഗം അടക്കമുള്ള കുറ്റകൃത്യങ്ങളെ മഹത്വവത്കരിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഗ്രൂപ്പില്‍ അരങ്ങേറിക്കൊണ്ടിരുന്നത്.ബോയ്സ് ലോക്കർ റൂം എന്ന ​ഗ്രൂപ്പ് പിന്നീട് നിർജീവമാക്കി.

ഈ ചാറ്റ് ഗ്രൂപ്പിന്‍റെ അഡ്മിനായ വിദ്യാര്‍ത്ഥിയാണ് പിടിയിലായത് എന്നാണ് സൂചന. അടുത്ത് തന്നെ കൂടുതല്‍പ്പേരെ കസ്റ്റഡിയില്‍ എടുത്തേക്കുമെന്നാണ് ഡൽഹി പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. വിദ്യാർത്ഥിയുടെ ഫോൺ സൈബർ സെൽ വിഭാ​ഗം കസ്റ്റഡിയിൽ എടുത്തു. ഫോൺ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. തെക്കൻ ഡ‍ൽഹിയിലെ അ‍ഞ്ചോളം വരുന്ന സ്കൂളുകളിലെ 11,12 ക്ലാസുകളിലെ വിദ്യാർത്ഥികളാണ് ​ഗ്രൂപ്പിൽ അം​ഗങ്ങളായിട്ടുള്ളത്. ബലാത്സം​ഗത്തെ കുറിച്ചും ലൈം​ഗികമായ മറ്റ് വിഷയങ്ങളെകുറിച്ചുമായിരുന്നു വിദ്യാർത്ഥികളുടെ പ്രധാന ചർച്ച. സ്വന്തം ക്ലാസിലെ വിദ്യാർത്ഥിനികളെയാണ് ഇവർ പരാമർശിക്കുന്നത്. വിദ്യാർത്ഥികളുടെ ചാറ്റിന്റെ സ്ക്രീൻഷോട്ട് പലരും ട്വിറ്ററിലും ഇൻസ്റ്റ​ഗ്രാമിലും പോസ്റ്റ് ചെയ്തിരുന്നു. കടുത്ത വിമർശനമാണ് മിക്കവരും ഉന്നയിച്ചത്. ഇത് വൈറലായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ചാറ്റിന്റെ ഉള്ളടക്കം പലതും ഞെട്ടിക്കുന്നതാണ്.