കെട്ടിടത്തിലേക്ക് കാർ ഇടിച്ചു കയറി: മലയാള യുവനടനടക്കം മൂന്നു പേര്‍ മരിച്ചു

single-img
4 May 2020

കൊച്ചി – ധനുഷ്‌കോടി ദേശീയ പാതയില്‍ കെട്ടിടത്തിലേക്കു കാര്‍ ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ യുവനടനടക്കം മൂന്നു പേര്‍ മരിച്ചു. ഇന്നലെ രാത്രി ഒമ്പതു മണിയോടെ മേക്കടമ്പ്‌ പള്ളിത്താഴത്തായിരുന്നു അപകടം. അഞ്ചു പേര്‍ക്കു ഗുരുതരമായി പരുക്കേറ്റു. 

കാറിലുണ്ടായിരുന്ന വാളകം മേക്കടമ്പ്‌ നടപ്പറമ്പില്‍ ബേസില്‍ ജോര്‍ജ്‌ (30), വാളകം ഇലവങ്ങത്തടത്തില്‍ ബാബുവിന്റെ മകന്‍ നിധിന്‍(35), വാളകം ഇല്ലേല്‍ വീട്ടില്‍ ജോയിയുടെ മകന്‍ അശ്വിന്‍ ജോയ്‌ (29) എന്നിവരാണ്‌ മരിച്ചത്‌. ഇവര്‍ക്കൊപ്പം കാറിലുണ്ടായിരുന്ന ലിതീഷ്‌, സാഗര്‍ എന്നിവര്‍ക്കും കെട്ടിടത്തില്‍ ഉണ്ടായിരുന്ന ഇതര സംസ്‌ഥാന തൊഴിലാളികളായ രമണ്‍ ഷെയ്‌ഖ്, അമര്‍, ജയദീപ്‌ എന്നിവര്‍ക്കുമാണ്‌ പരുക്കേറ്റത്‌. 

അപകട കാരണം വ്യക്‌തമല്ല.ഓടിയെത്തിയ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന്‌ കാര്‍ വെട്ടിപ്പൊളിച്ചാണ്‌ അപകടത്തില്‍പെട്ടവരെ പുറത്തെടുത്തത്‌. ഉടന്‍ കോലഞ്ചേരി മെഡിക്കല്‍ മിഷനില്‍ എത്തിക്കുകയും ചെയ്‌തു. കാര്‍ കോലഞ്ചേരി ഭാഗത്തുനിന്നും മൂവാറ്റുപുഴ റൂട്ടില്‍ വരവേയാണ് അപകടമുണ്ടായത്. 

മരിച്ച ബേസില്‍ പൂവള്ളിയും കുഞ്ഞാടും സിനിമയിലെ നായകനാണ്‌. നിധിന്‍ വാളകത്ത്‌ സ്‌നേഹ ഡെക്കറേഷന്‍സ്‌ എന്ന സ്‌ഥാപനം നടത്തുകയാണ്‌. മേക്കടമ്പിലുള്ള പൊങ്ങണത്തില്‍ ജോണ്‍, ചക്കാലക്കല്‍ ജയന്‍ എന്നിവരുടെ കെട്ടിടത്തിലേക്കാണ്‌ വാഹനം ഇടിച്ച്‌ കയറിയത്‌.