അന്യ സംസ്ഥാനങ്ങളില്‍ അകപ്പെട്ട് പോയ മലയാളികളെ തിരികെ എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണം : യൂത്ത് ലീഗ്

single-img
3 May 2020

കോഴിക്കോട് : വിവിധ ആവശ്യങ്ങള്‍ക്കായി സംസ്ഥാനത്തിന് പുറത്ത് പോവുകയും ലോക്ഡൗണ്‍ കാരണം കേരളത്തിലേക്ക് തിരിച്ച് വരാന്‍ കഴിയാതിരിക്കുകയും ചെയ്ത മലയാളികളെ സുരക്ഷിതമായി കേരളത്തില്‍ എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും ആവശ്യപ്പെട്ടു.

വിദ്യാര്‍ത്ഥികള്‍, വിദഗ്ദ ചികിത്സാര്‍ത്ഥം പോയവര്‍, കച്ചവട ആവശ്യാര്‍ത്ഥം പര്‍ച്ചേസിന് പോയവര്‍ അങ്ങനെ സംസ്ഥാനത്തെ നിരവധി പേരാണ് അന്യ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ കഷ്ടപ്പെടുന്നത്.

കേരളത്തിലെ വിവിധ ജില്ലകളില്‍ ജോലി ചെയ്തിരുന്ന അന്യ സംസ്ഥാന തൊഴിലാളികളെ തിരികെ എത്തിക്കാന്‍ അതാത് സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാരില്‍ നടത്തിയ ഇടപെടലുകള്‍ ഇക്കാര്യത്തില്‍ കേരള സര്‍ക്കാര്‍ മാതൃകയാക്കണമെന്ന് നേതാക്കള്‍ തുടര്‍ന്നു. ഇതിനായി കേരളത്തിലേക്ക് വിവിധ നഗരങ്ങളില്‍ നിന്ന് സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഏര്‍പ്പാടാക്കണമെന്നും ട്രെയിനില്‍ വരാന്‍ കഴിയാത്തവര്‍ക്ക് വാഹനങ്ങളില്‍ കേരളത്തിലേക്ക് മടങ്ങിവരാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.