ലോക്ക് ഡൗൺ ലംഘിച്ച് യാത്ര: കാസര്‍കോട് സ്വദേശികൾ തൃശൂരിൽ പോലീസ് പിടിയിൽ

single-img
29 April 2020

ലോക്ക് ഡൗൺ ലംഘിച്ച് നാട്ടിലേയ്ക്ക് കാറിൽ മടങ്ങുകയായിരുന്ന കാസര്‍കോട് സ്വദേശികൾ ഹൈവേ പോലീസിന്റെ പിടിയിലായി. എറണാകുളത്തു നിന്നും കാസർഗോട്ടേയ്ക്കുള്ള യാത്രക്കിടെ തൃശൂർ ചേറ്റുവയിലാണ് നാലംഗ സംഘം പിടിയിലായത്.

കൊടുങ്ങല്ലൂർ കോട്ടപ്പുറത്ത് പോലീസ് കൈ കാണിച്ചിട്ടും വാഹനം നിർത്താതെ പോയവരെയാണ് പിടികൂടിയത്. കാസര്‍കോട് ഫാത്തിമ മൻസിലിൽ അബ്ദുൾ സലാം(27), ഉപ്പള ഹയാന മൻസിലിൽ ഹസ്സൻ മുനീർ(24), കമ്പള ജൗളി വീട്ടിൽ ഹാരിസ്(35), ഉപ്പള ഷാഫി മൻസിൽ അബ്ദുൾ റഹ്മാൻ(30)എന്നിവരാണ് പോലീസ് പിടിയിലായത്.

എറണാകുളത്ത് കട നടത്തുകയായിരുന്ന ഇവർ ചൊവ്വാഴ്ച രാത്രി ലോക്ക് ഡൗൺ വിലക്ക് ലംഘിച്ച് കാറിൽ കാസർകോട്ടേയ്ക്ക് മടങ്ങുകയായിരുന്നു. കൊടുങ്ങല്ലൂർ കോട്ടപ്പുറത്ത് വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് കൈ കാണിച്ചെങ്കിലും കാർ നിർത്താതെ യാത്ര തുടർന്നു. ബുധനാഴ്ച പുലർച്ചെ രണ്ടോടെ ചേറ്റുവയിൽ ഹൈവേ പോലീസിന്റെ പിടിയിലാവുകയായിരുന്നു.

തുടർന്ന് വാടാനപ്പള്ളി പോലീസിനു കൈമാറി. ആരോഗ്യ വകുപ്പിനു വിട്ടുകൊടുത്ത നാലുപേരെയും ഒല്ലൂർ ജെറുസലേം കേന്ദ്രത്തിൽ ക്വാറന്റൈനിലാക്കി. ഇവർക്കെതിരെ കേസെടുത്തതായി വാടാനപ്പള്ളി പോലീസ് പറഞ്ഞു.