സംസ്ഥാനത്ത് അസാധാരണ പ്രതിസന്ധി; മന്ത്രിമാർ, എംഎൽഎമാർ ഉൾപ്പെടെയുള്ളവരുടെ ശമ്പളം, അലവൻസ് എന്നിവ 30 ശതമാനം കുറയ്ക്കും: മുഖ്യമന്ത്രി

single-img
29 April 2020

കേരളത്തിൽ നിലനിൽക്കുന്നത് അസാധാരണ പ്രതിസന്ധിയെന്ന് മുഖ്യമന്ത്രി. സർക്കാരിന്റെ വരുമാനം ഗണ്യമായി ഇടിഞ്ഞു.കൊവിഡ് രോഗബാധ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി താങ്ങാനാവത്താതാണ്. ഈ സാഹചര്യത്തെ മറികടക്കാൻ മന്ത്രിമാർ, എംഎൽഎമാർ അടക്കം ഉള്ളവരുടെ ശമ്പളം, അലവൻസ് എന്നിവ 30 ശതമാനം കുറയ്ക്കുമെന്നും എംഎൽഎമാർക്ക് പ്രതിമാസം ലഭിക്കുന്ന അമ്മ്യൂണിറ്റ്സ് തുകയിലും ഹോണറോറിയത്തിലും കുറവ് വരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേപോലെ തന്നെ കൊവിഡ് 19-ൻ്റെ സാഹചര്യത്തിൽ തദ്ദേശതെരഞ്ഞെടുപ്പിനുള്ള വാർഡ് വിഭജനം പൂർത്തിയാക്കാൻ തടസമുണ്ട്. മന്ത്രിസഭാ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പുതുതായി ഒരു വാർഡ് രൂപീകരിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. അങ്ങിനെ ചെയ്യണമെങ്കിൽ വാർഡ് വിഭജനം നടത്തണം. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ അതു നടക്കില്ല. അതുകൊണ്ടുതന്നെ നിലവിലുള്ള വാർഡുകൾ വച്ച് തെരഞ്ഞെടുപ്പ് നടത്തണം എന്നാണ് സർക്കാരിന്‍റെ നിലപാട് എന്നും മുഖ്യമന്ത്രി അറിയിച്ചു.

കൊവിഡ് കാലം അതിജീവിക്കാൻ ഏറ്റവും പ്രധാനം കൃഷിയാണെന്ന് നേരത്തെ മന്ത്രിസഭ ചർച്ച ചെയ്തിരുന്നു. കേരളത്തിലുള്ള എല്ലാ തരിശുഭൂമികളിലും കൃഷി നടത്തി ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനായി കൃഷിവകുപ്പ് തയ്യാറാക്കിയ പദ്ധതി അടുത്ത മാസം മുതൽ സംസ്ഥാന വ്യാപകമായി നടപ്പാക്കും. ഇതിനുള്ള പദ്ധതി ഇന്ന് ചേർന്ന സെക്രട്ടറിമാരുടെ യോ​ഗം അം​ഗീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.