ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തി ഓസോണ്‍ പാളിയിലെ വലിയ ദ്വാരം തനിയെ അടഞ്ഞു

single-img
26 April 2020

ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തി ഓസോണ്‍ പാളിയിലെ ഏറ്റവും വലിയ ദ്വാരം തനിയെ അടഞ്ഞതായി ശാസ്ത്രജ്ഞര്‍. ഭൂഖണ്ഡത്തില്‍ ആര്‍ട്ടികിന് മുകളിലായി കാണപ്പെട്ടിരുന്ന ഓസോണ്‍ പാളിയിലെ ഒരുമില്യണ്‍ സ്ക്വയര്‍ കിലോമീറ്റര്‍ വലിപ്പമുള്ള ദ്വാരമാണ് ഇപ്പോള്‍ തനിയെ അടഞ്ഞതായി കണ്ടെത്തിയിരിക്കുന്നത്.

അസാധാരണ രീതിയില്‍ ഭൌമ അന്തരീക്ഷത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ മൂലമാണ് ഈ ദ്വാരമുണ്ടായതെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്തായാലും ലോകം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന കൊവിഡ് 19 മഹാമാരിക്കിടെ ശാസ്ത്രലോകത്തിനും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും ഏറെ ആശ്വാസകരമായിട്ടുള്ളതാണ് റിപ്പോര്‍ട്ട് . യൂറോപ്പില്‍ നിന്നുള്ള കാലാവസ്ഥാ നിരീക്ഷ സംവിധാനങ്ങള്‍ക്ക് കീഴിലുള്ള കോപ്പര്‍ നിക്കസ് ക്ലൈമറ്റ് ചേഞ്ച് സര്‍വ്വീസ്, കോപ്പര്‍ നിക്കസ് അറ്റ്മോസ്ഫിയര്‍ മോനിറ്ററിംഗ് സര്‍വ്വീസ് എന്നിവയാണ് ഓസോണ്‍ പാളിയിലെ ദ്വാരം അടഞ്ഞതായി സ്ഥിരീകരിച്ചത്.

സാധാരണയായി ഒരു പ്രദേശത്ത് ഓസോണ്‍ പാളിയിലുണ്ടാവുന്ന കനക്കുറവിനെയാണ് ഓസോണ്‍ പാളിയിലെ ദ്വാരം എന്ന് വിളിക്കുന്നത്. പലതരത്തിലുള്ള രാസവസ്തുക്കളാണ് ഇത്തരത്തില്‍ ഓസോണ്‍ പാളിയുടെ നാശത്തിന് കാരണമാകുന്നത്. സൂര്യനില്‍ നിന്നും നേരിട്ട് പതിക്കുന്ന മാരകമായ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് ഭൂമിയേയും ജീവജാലകങ്ങളേയും സംരക്ഷിക്കുന്ന കവചമാണ് ഓസോണ്‍ പാളി.