പ്രവാസികളെ തിരികെയെത്തിക്കാന്‍ രാജ്യം തയ്യാറെടുക്കുന്നു; കേന്ദ്രം കത്തയച്ചു

single-img
25 April 2020

ഡൽഹി ∙ കോവിഡ് ബാധ മൂലമുള്ള യാത്രാവിലക്കിൽപെട്ട് വിദേശത്തു കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ മുന്നൊരുക്കം. ഇതു സംബന്ധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് വിദേശകാര്യ സെക്രട്ടറി കത്തയച്ചു. പ്രവാസികളെ തിരിച്ചെത്തിക്കുന്നതിൽ സംസ്ഥാനങ്ങളുടെ മുന്നൊരുക്കങ്ങളുടെ വിവരങ്ങൾ തേടിയാണ് കത്ത്. കത്തിനു കേരളസര്‍ക്കാര്‍ മറുപടി നല്‍കിയിട്ടുണ്ട്. കേരളം ഇതിനായി നടത്തിയിരിക്കുന്ന മുന്നൊരുക്കങ്ങള്‍ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനങ്ങളുടെ തയ്യാറെടുപ്പുകളുടെ വിശദാംശങ്ങള്‍ ആരാഞ്ഞുകൊണ്ടാണ് കത്തയച്ചത്. വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗോബയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേരും. വിദേശകാര്യമന്ത്രാലയം ഗള്‍ഫിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഉള്ള ഇന്ത്യക്കാരുടെ കണക്ക് എംബസികള്‍ മുഖേന ശേഖരിച്ചിട്ടുണ്ട്. ഇതുകൂടി അടിസ്ഥാനമാക്കിയാക്കിയായിക്കും കേന്ദ്ര നടപടികള്‍.

കേരളം പ്രവാസികളെ സ്വീകരിക്കാന്‍ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയതായി മുഖ്യമന്ത്രി നേരത്തെ തന്നെ കേന്ദ്രത്തെ അറിയിച്ചിരുന്നു. എന്നാല്‍ മറ്റു സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ എന്തു നടപടി സ്വീകരിച്ചു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും കേന്ദ്രം തീരുമാനമെടുക്കുക.