സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ട കുഞ്ഞിന് ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നു; രക്ഷിക്കാൻ പരമാവധി ശ്രമിച്ചെന്ന് ആരോഗ്യമന്ത്രി

single-img
24 April 2020

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധയെത്തുടർന്ന് ഇന്ന് മരണപ്പെട്ട കുഞ്ഞിന് ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്ന തായി സ്ഥിരീകരണം.  കുഞ്ഞിനെ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു.

ആശുപത്രിയിലെത്തുമ്പോൾ തന്നെ കുഞ്ഞിന്റെ നില അതീവ ഗുരുതരമായിരുന്നു. ശ്വാസ തടസം അനുഭവപ്പെട്ടതിനാല്‍ കൊവിഡ് സ്പെഷ്യല്‍ വാര്‍ഡിലേക്ക് മാറ്റുകയും പരിശോധനയ്ക്ക് വിധേയമാക്കുകയുമായിരുന്നുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു

ആദ്യ പരിശോധനാഫലം പോസിറ്റീവാണ്. രണ്ടാമത് പരിശോധിക്കുന്നതിന് മുൻപ് തന്നെ കുട്ടി മരണത്തിന് കീഴടങ്ങി.  കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ പരമാവധി പരിശ്രമിച്ചിരുന്നു. എന്നാല്‍ ഹൃദയവാല്‍വിന് ഉള്‍പ്പെടെ നിരവധി വൈകല്യങ്ങളുള്ള കുട്ടിയായതിനാല്‍ രക്ഷപ്പെടുത്താന്‍ പ്രയാസമായിരുന്നു.

മൃതദേഹം കൊറോണ പ്രോട്ടോക്കോള്‍ പ്രകാരമായിരിക്കും സംസ്‌കരിക്കുകയെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.കുട്ടിയുടെ മരണം സ്ഥിരീകരിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കൂട്ടിയുടെ മാതാപിതാക്കൾക്കോ ബന്ധുക്കൾക്കോ രോഗം സ്ഥിരീകരിക്കാത്ത സാഹചര്യത്തിൽ എവിടെ നിന്നാണ് കുഞ്ഞിന് വൈറസ് ബാധയുണ്ടാതെന്ന് പരിശോധിച്ച് വരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.