ഞങ്ങളുടെ അഹങ്കാരത്തിനേറ്റ തിരിച്ചടി; ഇനി അമേരിക്ക ഇന്ത്യയെ കണ്ടു പഠിക്കട്ടെ: അമേരിക്കൻ മലയാളിയുടെ തുറന്നു പറച്ചിൽ

single-img
22 April 2020

അമേരിക്കയിലെ അതിസൗകര്യങ്ങളിലുള്ള ജീവിതമല്ല യഥാർത്ഥ ജീവിതമെന്നു കാട്ടിക്കൊടുക്കുകയാണ് നിലവിൽ കോവിഡ്19 എന്ന മാരകരോഗം. അമേരിക്കയിൽ ജീവിച്ചാൽ ജീവിതം സ്വർഗ്ഗതുല്യമെന്നു കരുതുന്നവർക്ക് കരുതിയിരുന്നവർക്ക് ലഭിച്ച തിരിച്ചടിയായിരുന്നു ഈ കൊറോണക്കാലം. പതിനായിരങ്ങൾ കൊവിഡ് ബാധിച്ച് മരിച്ചുകൊണ്ടിരിക്കുമ്പോൾ അമേരിക്കൻ മലയാളിയും എഴുത്തുകാരിയുമായ ആൻ ജോർജ് പറയുന്നു നമ്മുടെ നാട് തന്നെ വലുതെന്ന്. 

കൊവിഡിനെ തളയ്ക്കാൻ മോദിയും പിണറായിയും കാട്ടിയ പ്രവർത്തികളെ ഇവർ അമേരിക്കയിലിരുന്ന് വാഴ്ത്തി പാടുകയാണ്. ഭർത്താവ് കൊവിഡ് ബാധിതൻ. തനിക്കും കൊവിഡാണെന്ന് കരുതി പേടിച്ച നാളുകൾ. ആ ദിനങ്ങളെപ്പറ്റി ആൻ ജോർജ് പറയുന്നു. 

അമേരിക്കയുടെ അനുവാദമില്ലാതെ ഈ രാജ്യത്തിന് മുകളിൽക്കൂടി ഒരു പക്ഷി പറക്കില്ല എന്ന ഞാനുൾപ്പെടെയുള്ള ഓരോ അമേരിക്കൻ പൗരന്റെയും അഹങ്കാരത്തിന് കിട്ടിയ അടിയാണ് കൊവിഡ്. നാല്പത്തിനായിരത്തിലധികം മനുഷ്യർ മരിച്ചു. മരണസംഖ്യ ഇനിയും കൂടാനാണ് സാദ്ധ്യത. കൊവിഡ് എന്ന ഭീകരൻ ചൈനയിൽ നിന്ന് ന്യൂയോർക്കിൽ എത്തിയെന്ന ആദ്യവാർത്ത കേട്ടപ്പോൾത്തന്നെ ഞാൻ ലീവെടുത്ത് പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി.

എന്റെ അപേക്ഷയെ മറികടന്ന് ഭർത്താവും മകനും കൂസലെന്യേ ജോലിക്ക് പോയി. ടിവിയിൽ വരുന്ന വാർത്തകളോരൊന്നും ഭയപ്പെടുത്തുന്നതായിരുന്നു. പരിചയത്തിലുള്ള പലരും അസുഖബാധിതരായി. ഞങ്ങളുടെ പള്ളി വികാരിയും നിക്കോളോവാസ് തിരുമേനിയും കൊവിഡിന്റെ പിടിയിലായി. ന്യൂയോർക്ക് ലോക്ക് ഡൗൺ ആയി. അയല്പക്കത്തെ വീടുകളുടെ മുന്നിൽ ആംബുലൻസ് വന്ന് ഓരോരുത്തരെയായി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുന്ന കാഴ്ച നടുക്കമുളവാക്കി. നോക്കരുതെന്നു വിചാരിച്ചിട്ടും ഇടക്കിടയ്ക്ക് ജനലിൽക്കൂടി പുറത്തേക്ക് ഒളിഞ്ഞുനോക്കി.ഒരു ബുധനാഴ്ച്ച പതിവുപോലെ ജോലിക്ക് പോകാനൊരുങ്ങിയ ഭർത്താവിന് ഓഫീസിൽനിന്ന് ഒരു ഫോൺ കോൾ. അവരുടെ സെക്ഷനിൽ ജോലി ചെയ്തിരുന്ന മൂന്നു പേർക്ക് രോഗം ബാധിച്ചു. ടെസ്റ്റ് നടത്തിയതിനുശേഷം ജോലിക്ക് വന്നാൽ മതി എന്ന നിർദ്ദേശമനുസരിച്ച് ആൾ അടുത്ത ക്ലിനിക്കിലേക്ക് പോയി. റിസൾട്ട് കിട്ടാൻ മൂന്നു ദിവസമെടുക്കും. രണ്ടു ദിവസം കഴിഞ്ഞപ്പോൾ അറിഞ്ഞു രോഗം ബാധിച്ച മൂന്നു പേരിൽ ഒരാളായ ഹ്യുഗോ മരണത്തിനു കീഴടങ്ങി എന്ന്.

ഇവരെല്ലാവരും അടുത്ത സുഹൃത്തുക്കളും ഒരുമിച്ച് കാറിൽ യാത്ര ചെയ്യുന്നവരുമാണ്. ശനിയാഴ്ച രാവിലെ ഞാൻ വീട്ടുജോലികളൊക്കെ കഴിഞ്ഞ് ഒരു സിനിമ കണ്ടിരുന്ന് ഉറങ്ങിപ്പോയി. ഉറക്കമുണർന്നപ്പോൾ ചെറിയ തലവേദനയും ശരീരവേദനയും. എനിക്ക് പേടിയായി.മകൻ ആശ്വസിപ്പിച്ചു അമ്മ പേടിക്കാതിരിക്കൂ, വൈകുന്നേരമായപ്പോഴേക്കും പനി കടുത്തു. കട്ടിലിൽനിന്ന് എഴുന്നേൽക്കാൻ പറ്റാത്ത അവസ്ഥ. സംഗതി ഏകദേശം ഉറപ്പായി.അപ്പോഴും മകൻ ധൈര്യം തന്നു. ‘ഇതൊരു തരം ഫ്ളൂ വൈറസാണ്,

രാത്രിയായപ്പോഴേക്കും കടുത്ത ഛർദ്ദിലായി. കുടിക്കുന്ന വെള്ളവും മരുന്നുമെല്ലാം അപ്പോൾത്തന്നെ ഛർദ്ദിച്ച് പോകുന്നു.നേരത്തെ അസുഖബാധിതനായ സുഹൃത്തിനെ വിളിച്ചു. ഏറെ നേരം ബെല്ലടിച്ചപ്പോൾ അപ്പുറത്ത് ഫോണെടുത്തു. സുഹൃത്തിനും ഭാര്യയ്ക്കും സ്ഥിതി കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്നു, കടുത്ത ചുമ, ഭാര്യക്ക് ശ്വാസമെടുക്കാൻ വയ്യ. അവൾ പക്ഷേ ഹോസ്പിറ്റലിൽ പോകാൻ കൂട്ടാക്കുന്നില്ല, വീട്ടിൽക്കിടന്ന് മരിക്കണമെന്ന് വാശി പിടിക്കുന്നു. ഹോസ്പിറ്റലിൽ പോയാലും മരുന്നൊന്നുമില്ല വെന്റിലേറ്ററിൽ ഇടും അത്രതന്നെ.

ഭർത്താവിനെയും മകനെയും മുറിക്കു പുറത്താക്കി ഞാൻ വാതിൽ ലോക്ക് ചെയ്തു. കുറച്ചുനേരം കരഞ്ഞു. പിന്നെ മകനൊരു നോട്ടെഴുതി. ഭാവിയിൽ അവൻ ചെയ്യണമെന്ന് ഞാനാഗ്രഹിക്കുന്ന കാര്യങ്ങൾ കുറിച്ചിട്ടു. പേപ്പർ തലയിണയുടെ അടിയിൽ വച്ചു. കതകിൽ മുട്ട് ശക്തമായപ്പോൾ വാതിൽ തുറന്നിട്ടു.മൂന്നാം ദിവസം പനി കുറഞ്ഞുതുടങ്ങി. എഴുന്നേറ്റു നിൽക്കാമെന്നായപ്പോൾ ടെസ്റ്റിനു പോകാമെന്ന് നിശ്ചയിച്ചു. അടുത്ത ക്ലിനിക്കിൽപ്പോയി ടെസ്റ്റ് നടത്തി. പിറ്റേ ദിവസം റിസൾട്ട് കിട്ടി. നെഗറ്റീവ്. ആശ്വാസം കൊണ്ട് തുള്ളിച്ചാടി. ഇപ്പോൾ സുഖമായിരിക്കുന്നു. ജീവിതം സാധാരണ പോലെ. ഇന്ത്യയിലെയും കേരളത്തിലെയും ഭരണാധികാരികളോട് ജീവിതത്തിലാദ്യമായി സ്‌നേഹവും ബഹുമാനവും തോന്നിയത് ഈ കൊവിഡ്ക്കാലത്താണ്.

മോദിക്കും ,പിണറായിക്കും അനുമോദനങ്ങൾ. ഇത്രയും ശക്തവും യുക്തവുമായ തീരുമാനം നടപ്പിലാക്കാൻ മോദിയെന്ന ഭരണാധികാരിക്കേ കഴിയൂ. കൊറോണ എവിടെനിന്നാണ് എന്നെ പിടികൂടിയത് ? പ്രിയതമൻ രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചില്ലെങ്കിലും ടെസ്റ്റ് റിസൾട്ട് പോസിറ്റീവ് ആയിരുന്നു. വൈറസ് വാഹകൻ . ഇപ്പോൾ പിടികിട്ടിയില്ലേ വൈറസ് വന്ന വഴി.

മകൻ സുരഷിതനാണ്. ഭർത്താവ്….അമേരിക്ക പൂർവ്വസ്ഥിതിലെത്താൻ ഇനിയും മാസങ്ങളെടുക്കും .രോഗവ്യാപനം എങ്ങനെ തടയണമെന്ന് അമേരിക്ക ഇന്ത്യയെ കണ്ടു പഠിക്കട്ടെ.