വെെറസ് വ്യാപനം മനഃപൂർവ്വമാണെങ്കിൽ കളി മാറും, അബദ്ധത്തിലാണെങ്കിൽ പോട്ടേന്നു വയ്ക്കും: ചെെനയ്ക്ക് ട്രംപിൻ്റെ ഭീഷണി

single-img
19 April 2020

കോവിഡ് മഹാമാരി അമേരിക്കയില്‍ അതീവ ഗുരുതരമായി പടരുന്നതിനിടെ ചൈനയ്ക്ക് മുന്നറിയിപ്പുമായി അമേരിക്കൻ  പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കൊറോണ വൈറസ് വ്യാപനം ബോധപൂര്‍വമെങ്കില്‍ വന്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് അദ്ദേഹം പറഞ്ഞത്. 

അബദ്ധത്തില്‍ സംഭവിച്ചതാണെങ്കില്‍ ആ നിലയില്‍ കാണുമെന്നും ട്രംപ് പറഞ്ഞു.കൊറോണ വൈറസ് വ്യാപനം ഉണ്ടായപ്പോള്‍ തന്നെ ചൈന അത് നിയന്ത്രണവിധേയമാക്കേണ്ടതായിരുന്നു. എന്നാല്‍ ഇതുണ്ടായില്ല. അതുകൊണ്ട് ലോകം മൊത്തം മഹാമാരിയുടെ ദുരിതം അനുഭവിക്കുകയാണെന്നും ട്രംപ് വൈറ്റ്ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കൊറോണ വൈറസ് വ്യാപനം സംബന്ധിച്ച് അന്വേഷണം നടത്തുകയാണെന്നാണ് ചൈന അറിയിച്ചിട്ടുള്ളത്. അവരുടെ അന്വേഷണ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്. അമേരിക്കയും ഇക്കാര്യത്തില്‍ അന്വേഷണം നടത്തുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. കോവിഡിനു കാരണമായ കൊറോണ വൈറസ് ചൈനയിലെ വുഹാന്‍ നഗരത്തിലുള്ള വൈറസ് പഠന ലബോറട്ടറിയില്‍ നിന്നു ‘ചാടി’യതാണെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രതികരണം.

‘കൊറോണ വൈറസ് വാഹകരായതു വവ്വാലുകളാണെന്നാണു പറയപ്പെടുന്നതെങ്കിലും ആ ഇനം വവ്വാലുകള്‍ വുഹാനിലെ പ്രദേശത്തില്ല. ചന്തയില്‍ വിറ്റിരുന്നുമില്ല. ഇന്റലിജന്‍സ് വിശകലനം നടക്കുകയാണ്. സത്യം പുറത്തു കൊണ്ടുവരും’– ട്രംപ് പറഞ്ഞു. വൈറോളജി ലാബില്‍ ഇന്റേന്‍ഷിപ് ചെയ്തിരുന്ന യുവതിക്ക് വൈറസ് ബാധിക്കുകയും അവരുമായി കൂടിക്കണ്ട കൂട്ടുകാരനിലേക്ക് പടരുകയും ചെയ്തുവെന്നാണ് ഒടുവില്‍ വന്ന റിപ്പോര്‍ട്ട്. വുഹാനിലെ ലാബിനുള്ള ധനസഹായം നിര്‍ത്തുമെന്നും ട്രംപ് അറിയിച്ചു.