ട്രംപ് കോവിഡിൻ്റെ തീവ്രഘട്ടം കഴിഞ്ഞുവെന്നു പറഞ്ഞതിൻ്റെ പിറ്റേദിവസം അമേരിക്കയിൽ മരിച്ചത് 4,591പേർ

single-img
18 April 2020

കോവിഡിന്റെ തീവ്രഘട്ടം കഴിഞ്ഞെന്ന് ട്രംപ് പറഞ്ഞതിന് തൊട്ടുപിന്നാലെ ഒറ്റദിവസം നടക്കുന്ന മരണങ്ങളുടെ കാര്യത്തില്‍ പുതിയ റെക്കോഡ് ഇട്ട് അമേരിക്ക. 24 മണിക്കൂറിനുള്ളില്‍ അമേരിക്കയില്‍ രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 4000 ആയി. വ്യാ​ഴാഴ്ച രാത്രി 8.30 വരെ അമേരിക്കയില്‍ പൊലിഞ്ഞത് 4,591 ജീവനുകളാണ്. ബുധനാഴ്ച 2000 പേര്‍ ഒറ്റദിവസം മരിച്ചതിന് പിന്നാലെയാണ് വ്യാഴാഴ്ച ഇത്രയും പേര്‍ മരണമടഞ്ഞിരിക്കുന്നത്. 

ലോകത്ത് കോവിഡ് ബാധിച്ച് ഒറ്റദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇത്. ഇക്കാര്യത്തില്‍ അമേരിക്ക തകര്‍ത്തത് സ്വന്തം റെക്കോഡ് തന്നെയാണെന്നുള്ളതാണ് കൗതുകം. ബുധനാഴ്ച 2,569 പേര്‍ മരണമടഞ്ഞതായിരുന്നു ഇതുവരെയുള്ള ഉയര്‍ന്ന കണക്ക്. 

വ്യാഴാഴ്ചത്തെ മരണസംഖ്യ കൂടി പുറത്തു വന്നതോടെ അമേരിക്കയില്‍ കോവിഡ് 19 ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 34,641 ആണ്. രോഗബാധിതരുടെ എണ്ണം 678,144 ആയി. രോഗം കനത്ത നാശം വിതച്ച ന്യൂയോര്‍ക്കില്‍ രോഗബാധിതര്‍ 2,26,000 വരും മരണമടഞ്ഞവര്‍ 16,106 ആണ്. ന്യൂജഴ്‌സിയില്‍ 75,000 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 3518 പേര്‍ മരിച്ചു. രോഗം ഇങ്ങിനെ രൂക്ഷമായി പടരുമ്പോഴും രാജ്യം തുറന്നു കൊടുക്കാനുള്ള തീരുമാനത്തിലാണ് ട്രംപ്.