പിടിച്ചുകെട്ടാനാകാതെ കൊറോണ: മരണം ഒന്നരലക്ഷം കഴിഞ്ഞു

single-img
18 April 2020

കോവിഡ്‌ 19 ബാധിച്ച ലോകത്ത്‌ മരിച്ചവരുടെ എണ്ണം ഒന്നര ലക്ഷം പിന്നിട്ടു കഴിഞ്ഞു. 1,53,822 പേരാണ്‌ ഇതുവരെ ലോകത്തിന്റെ പല ഭാഗങ്ങളിലായി കോവിഡ്‌ വൈറസ്‌ ബാധയെ തുടര്‍ന്ന്‌ മരിച്ചത്‌. രോഗബാധിതരുടെ എണ്ണം 2,240,191 ആയി. അതേസമയം അമേരിക്കയിലെ രോഗ ബാധിതരുടെ എണ്ണം ഏഴ്‌ ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിന്‌ ഇടയില്‍ 2,535 മരണങ്ങളാണ്‌ അമേരിക്കയില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. ഇതോടെ അമേരിക്കയിലെ മരണ സംഘ്യ 37000 പിന്നിട്ടു.

ഇറ്റലിയിലെ വൈറസ്‌ ബാധിതരുടെ എണ്ണം 1.72 ലക്ഷത്തിലേക്കെത്തി. 22,745 ആണ്‌ മരണ നിരക്ക്‌. സ്‌പെയ്‌നില്‍ വൈറസ്‌ ബാധിച്ചവരുടെ എണ്ണം രണ്ട്‌ ലക്ഷത്തിലേക്ക്‌ അടുക്കുകയാണ്‌. മരണം ഇരുപതിനായിരം പിന്നിട്ടു. ബ്രിട്ടനില്‍ 14,576 പേരും, ഫ്രാന്‍സില്‍ 18,641 പേരും കോവിഡ്‌ ബാധിച്ച്‌ മരിച്ചു.

ചൈനയില്‍ കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം കുത്തനെ കൂടി. 24 മണിക്കൂറിന്‌ ഇടയില്‍ 1,290 മരണമാണ്‌ ഇവിടെ ഉണ്ടായത്‌. വുഹാനിലെ മരണ സംഖ്യയില്‍ ചൈന തിരുത്തല്‍ വരുത്തിയതാണ്‌ ഇതിന്‌ കാരണം. ഇതോടെ കോവിഡ്‌ ബാധിച്ച്‌ ചൈനയില്‍ ആകെ മരിച്ചവരുടെ എണ്ണം 4,632 ആയി. എന്നാല്‍ നിലവില്‍ 150ല്‍ താഴെ ആളുകള്‍ മാത്രമാണ്‌ ചൈനയില്‍ ചികിത്സയിലുള്ളത്‌.

രോഗബാധിതരുടെ എണ്ണത്തില്‍ പതിനെട്ടാം സ്ഥാനത്താണ്‌ ഇന്ത്യ. ജര്‍മനിയില്‍ മരണ സംഖ്യ 4300 കടന്നു. ഇറാനില്‍ മരണ സംഖ്യ അയ്യായിരത്തോട്‌ അടുത്തു. ബ്രസീലില്‍ രണ്ടായിരത്തിലേറെ മരണം റിപ്പോര്‍ട്ട്‌ ചെയ്‌തപ്പോള്‍ ബെല്‍ജിയത്തിലെ മരണ നിരക്ക്‌ 5000 കടന്നതായും റിപ്പോർട്ടുകൾ പറയുന്നു.