ആഴ്ചയിൽ മൂന്നുദിവസം സ്വർണ്ണക്കടകൾ തുറക്കാൻ അനുവദിക്കണം: മുഖ്യമന്ത്രിയോട് ഗോൾഡ്- സിൽവർ അസോസിയേഷന്‍

single-img
15 April 2020

നേരെത്തേ ബുക്ക് ചെയ്തവര്‍ക്കും, വിവാഹമടക്കമുള്ള ചടങ്ങുകള്‍ക്ക് സ്വര്‍ണമാവശ്യമുള്ളതിനാലും സ്വര്‍ണം ആവശ്യപ്പെട്ട് ഉപഭോക്താക്കള്‍ സ്വര്‍ണ വ്യാപാരികളെ സമീപിക്കുന്ന സ്ഥിതി സംസ്ഥാനത്തുള്ളതിനാൽ കേരളത്തിലെ സ്വര്‍ണാഭരണശാലകള്‍ ആഴ്ച്ചയില്‍ മൂന്ന് ദിവസം തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രിയോട് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍. 

അതുപോലെ തന്നെ ബാങ്കുകളും, ധനകാര്യ സ്ഥാപനങ്ങളും സ്വര്‍ണം പണയമെടുക്കാത്ത സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും അവർ ചൂണ്ടിക്കാട്ടി.  മറ്റു വരുമാന മാര്‍ഗങ്ങളെല്ലാം അടഞ്ഞതിനാല്‍ ജനങ്ങള്‍ സാമ്പത്തിക ദുരിതങ്ങളില്‍ നിന്നും മോചനം നേടാന്‍ അവരുടെ പക്കലുള്ള സ്വര്‍ണം വിറ്റ് പണമാക്കേണ്ടതിനാല്‍ സ്വര്‍ണക്കടകള്‍ തുറക്കേണ്ടതും അനിവാര്യമാണെന്നും അസോസിയേഷൻ പറഞ്ഞു. 

പഴയ സ്വര്‍ണങ്ങള്‍ വിറ്റഴിക്കാനും, നവീകരിക്കാനും മറ്റുമായി ഒന്നിലധികം ദിവസം വേണ്ടി വരുന്നതിനാലാണ് മൂന്ന് ദിവസം തുറക്കുന്നതിനാണ് കമ്മിറ്റി അനുമതി ആവശ്യപ്പെടുന്നത്. സ്വര്‍ണ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് വഴി സര്‍ക്കാരിന് നികുതി വരുമാനസാധ്യതകള്‍ കൂടുതലായി ഉണ്ടാകുമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ അഡ്വ എസ് അബ്ദുല്‍ നാസര്‍ അഭിപ്രായപ്പെട്ടു.