കൊറോണയിൽ തെളിയുന്ന മാനവീയത: ഉറ്റ ബന്ധുക്കൾക്കെത്താനായില്ല; ഹിന്ദു കുടുംബനാഥന്റെ അന്ത്യകർമങ്ങൾ നിർവഹിച്ചത് മുസ്ലിം അയൽക്കാർ

single-img
14 April 2020

ജയ്പുർ: കൊറോണ വൈറസിന് ശേഷം ലോകം വൻമാറ്റങ്ങൾക്കാകും സാക്ഷ്യം വഹിക്കുക എന്നാണ് വിവിധ പഠന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ജാതിയുടെയും മതത്തിന്റെയും പേരിൽ നഷ്ട്ടപ്പെട്ടു പോയ മാനവീയത തിരികെ ലഭിക്കുന്ന മനുഷ്യത്വം നിറയുന്ന നിരവധി സംഭവങ്ങളാണ് കൊറോണക്കാലത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഉറ്റബന്ധുക്കൾക്ക് എത്താൻ കഴിയാത്തതിനാൽ രാജസ്ഥാനിലെ ജയ്പുരിൽ കാൻസർ ബാധിച്ച് മരിച്ച ഹിന്ദു കുടുംബനാഥ​​െൻറ അന്ത്യകർമങ്ങൾ ഹിന്ദു ആചാരപ്രകാരം മുസ്ലിംകളായ അയൽക്കാർ നിർവഹിച്ചതായി ‘ഇന്ത്യ ടുഡേ’ റിപ്പോർട്ട് ചെയ്യുന്നു.

ഭജ്രംഗ് നഗർ ഭട്ടബസ്തിയിൽ താമസിക്കുന്ന രാജേന്ദ്ര തിങ്കളാഴ്ചയാണ് മരിച്ചത്. അർബുദ ബാധിതനായ രാജേന്ദ്ര ഗവ. ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. അദ്ദേഹത്തിന് ആൺമക്കളില്ല. ഉറ്റബന്ധുക്കൾക്കാകട്ടെ ലോക്ഡൗൺ കാരണം മരണാനന്തര ചടങ്ങുകൾക്ക് എത്താനും കഴിഞ്ഞില്ല. തുടർന്നാണ് അയൽവാസികളായ മുസ്ലിംകൾ മരണാനന്തര ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. മൃതദേഹം ശ്മശാനത്തിലെത്തിച്ച അവർ പൂർണ ഹിന്ദു ആചാരപ്രകാരം അന്ത്യകർമങ്ങളും നിർവഹിച്ചു.കഴിഞ്ഞ ദിവസം മുംബൈ ബാന്ദ്രയിലും ഉത്തർപ്രദേശിലെ മീറത്തിലും സമാന സംഭവം അരങ്ങേറിയിരുന്നു.