‘2024 ലെ തെരഞ്ഞെടുപ്പ് വേണ്ടെന്ന് വച്ച് മോദിക്ക് തന്നെ അടുത്ത അവസരം അനുവദിക്കണം’; വിചിത്ര ആവശ്യവുമായി കങ്കണയുടെ സഹോദരി

single-img
14 April 2020

ഡൽഹി: ഒരുപക്ഷെ കൊറോണ മഹാമാരിയിൽ ഏറ്റവും അധികം പ്രയോജനം ലഭിച്ചത് ആർക്കെന്ന് ചോദിച്ചാൽ കേന്ദ്ര സർക്കാരിനാണെന്ന് തന്നെ പറയാം. ഭരിച്ച് തകർത്ത സാമ്പത്തികാവസ്ഥയുടെ മുഴുവൻ ഉത്തരവാദിത്തവും ഇനി കൊറോണക്കുമേൽ ചാരാം. അത് കൊണ്ട് തന്നെയാണ് അന്തമായ ആരാധന മൂത്ത് ചലച്ചിത്ര താരം കങ്കണയുടെ സഹോദരി ഏവരുടെയും ഞെട്ടിക്കുന്ന പ്രസ്താവന നടത്തിയത്. വരാന്‍ പോകുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് 2024ലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ആശയമാണ് ബോളിവുഡ് നടി കങ്കണ റണൌട്ടിന്‍റെ സഹോദരിയും മാനേജരുമായ രംഗോലി ചന്ദേല്‍ മുന്നോട്ട് വയ്ക്കുന്നത്.

അടുത്ത അവസരം കൂടി മോദിക്ക് നല്‍കണമെന്നാണ് ട്വീറ്റില്‍ രംഗോളി വിശദമാക്കുന്നത്. ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ മോദിജി രാജ്യത്തെ സാമ്പത്തിക രംഗം വീണ്ടെടുക്കുമെന്ന് ഉറപ്പുണ്ട്. കോടിക്കണക്കിന് രൂപയാണ് തെരഞ്ഞെടുപ്പിന് വേണ്ടി ചെലവാക്കുന്നത്. രാജ്യമൊന്നിച്ച് നിന്ന് തെരഞ്ഞെടുപ്പ് വേണ്ടെന്ന് വച്ച് മോദിക്ക് തന്നെ അടുത്ത അവസരം നല്‍കണമെന്നാണ് രംഗോലി ചന്ദേലിന്‍റെ ട്വീറ്റ്.

ട്വീറ്റ് വൈറല്‍ ആവുകയും നിരവധിപ്പേര്‍ വിമര്‍ശിക്കുകയും ചെയ്തതോടെ എന്തുകൊണ്ടാണ് ഇത്തരമൊരു നിര്‍ദേശമെന്നതിന് വിശദീകരണവും നല്‍കുന്നുണ്ട് രംഗോലി. അസാധാരണ സാഹചര്യങ്ങളില്‍ അസാധാരണ തീരുമാനങ്ങള്‍ ആവശ്യമാണ്. രാജ്യമൊന്നിച്ച് നിന്ന് അത്തരമൊരു ചരിത്രപരമായ തീരുമാനമെടുക്കണം. തെരഞ്ഞെടുപ്പ് നടത്തി അനാവശ്യമായി വിഭവങ്ങള്‍ പാഴാക്കണ്ട ആവശ്യമുണ്ടോയെന്നും രംഗോലി ചോദിക്കുന്നു. വിമര്‍ശനം ഉയര്‍ത്തി ട്വീറ്റിനോട് പ്രതികരിക്കാനും രംഗോലി മടികാണിക്കുന്നില്ല.

രാജ്യമൊരു ബുദ്ധിമുട്ടിലാണുള്ളത് എന്നത് മനസിലാക്കുന്നു. എന്നാല്‍ ഭ്രാന്തമായ ആരാധനയുടെ പുറത്ത് പ്രശസ്തി നേടാന്‍ വേണ്ടിയാണ് രംഗോലിയുടെ ഇത്തരം പ്രതികരണങ്ങള്‍ എന്നാണ് സമൂഹമാധ്യമങ്ങളിലെ വിമര്‍ശനങ്ങള്‍.