ഗൾഫ് മാധ്യമങ്ങളിൽ നിറഞ്ഞ് കേരളവും മുഖ്യമന്ത്രിയും

single-img
14 April 2020

ഗൾഫ് രാജ്യങ്ങളിലെ വാർത്താമാധ്യമങ്ങളിൽ നിറഞ്ഞു കേരളവും മുഖ്യമന്ത്രി പിണറായി വിജയനും.  യുഎഇ അധികൃതരുമായി സഹകരിച്ച് പ്രവാസികള്‍ക്ക് സഹായമെത്തിക്കാന്‍ സന്നദ്ധ സംഘടനകളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ട വിവരമാണ് അറബ് മാധ്യമങ്ങളിലടക്കം വാര്‍ത്തയായത്. ഇന്ന് യുഎഇയിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എമിറേറ്റ്സ് ന്യൂസ് ഏജന്‍സി (വാം) തന്നെ മുഖ്യമന്ത്രിയുടെ വാക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 

അല്‍ ബയാന്‍, അല്‍ ഇത്തിഹാദ്, ഗള്‍ഫ് ന്യൂസ്, ഖലീജ് ടൈംസ് തുടങ്ങി അറബിയിലും ഇംഗ്ലീഷിലുമുള്ള ഗള്‍ഫിലെ വിവിധ മാധ്യമങ്ങളിലും മുഖ്യമന്ത്രിയുടെ പരമാര്‍ശം ഇടം നേടി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരിക്കുന്ന ചിത്രം സഹിതമായിരുന്നു ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

കേരളവും യുഎഇയും തമ്മില്‍ പതിറ്റാണ്ടുകള്‍ മുമ്പ് മുതലുള്ള ബന്ധവും കേരളത്തിലെ പ്രളയ സമയത്ത് യുഎഇ ഭരണാധികാരികള്‍ നല്‍കിയ കരുതലും റിപ്പോര്‍ട്ടുകളിലുണ്ട്. പ്രളയ സമയത്ത് മലയാളികളെ ആശ്വസിപ്പിച്ചുകൊണ്ട് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മലയാളത്തില്‍ ട്വീറ്റ് ചെയ്തതും സഹായവാഗ്ദാനങ്ങളുമായി യുഎഇ മുന്നോട്ട് വന്നതും വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്.