കോവിഡ് പ്രതിരോധ‌ വാക്‌സിനുകള്‍ മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങി ചൈന

single-img
14 April 2020

ഇതാദ്യമായി കോവിഡിനെതിരെ വികസിപ്പിച്ച വാക്‌സിനുകള്‍ മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങി ചൈന.
പുതിയ രണ്ട് വാക്‌സിനുകളാണ് ഇപ്പോള്‍ മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങുന്നതെന്ന് ചൈനയിൽ നിന്നുള്ള സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ് ആസ്ഥാനമായുള്ള നാസ്ഡാക്ക് സിനോവാക് ബയോടെക്കിന്റെ യൂണിറ്റും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചൈന നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഗ്രൂപ്പിന്റെ അംഗീകാരമുള്ള വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രൊഡക്റ്റും ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്.

ചൈനീസ് സൈന്യത്തിന്റെ പിന്തുണയുള്ള അക്കാദമി ഓഫ് മിലിട്ടറി മെഡിക്കല്‍ സയന്‍സും ഹോങ്കോങ്ങിലെ ബയോടെക് കമ്പനിയായ കാന്‍സിനോ ബയോയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത വാക്‌സിന്‍ കഴിഞ്ഞ മാര്‍ച്ചില്‍ പരീക്ഷണത്തിന് ചൈന പച്ചക്കൊടി കാട്ടിയിരുന്നു.

അനുമതി ലഭിച്ചെങ്കിലും ഒരു വാക്‌സിൻ പരീക്ഷണം വിജയത്തിലെത്താന്‍ രണ്ടു വര്‍ഷം വരെ വേണ്ടിവന്നേക്കാം. ആ കാലയളവ് വരെ മാസ്‌കുകള്‍ ഉപയോഗിക്കുക, ആളുകളുടെ വലിയ കൂടിച്ചേരലുകള് തടയുക തുടങ്ങിയ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും ചൈനീസ് അക്കാദമി ഓഫ് എഞ്ചിനീയറിംഗിലെ അധ്യാപകനും ടിയാന്ജിന് യൂണിവേഴ്‌സിറ്റി ഓഫ് ട്രെഡീഷണല് ചൈനീസ് മെഡിസിന് പ്രസിഡന്റുമായ ഴാങ് ബോളി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.