മാസ്ക് ധരിച്ചില്ലെങ്കിൽ ഇന്ധനവും ലഭിക്കില്ല; തീരുമാനവുമായി പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്‍

single-img
10 April 2020

ഒഡീഷയിൽ മാസ്ക് ധരിക്കാതെ ഇന്ധനം നിറയ്ക്കാന്‍ വരുന്നവര്‍ക്ക് പെട്രോളോ ഡീസലോ നൽകേണ്ടതില്ല എന്ന തീരുമാനവുമായി പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്‍. സംഘടനയുടെ ജനറല്‍ സെക്രട്ടറി സഞ്ജയ് ലത് ആണ് ഈ തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്. ഒഡീഷയിലാകെ ഏകദേശം 1600 പെട്രോള്‍‌ പമ്പുകളാണ് ഉള്ളത്.

സർക്കാരും ആരോഗ്യവകുപ്പും നൽകുന്ന നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ പാലിക്കാന്‍ വേണ്ടിയാണ് ഇതുപോലൊരു തീരുമാനമെടുത്തതെന്ന് സഞ്ജയ് പറഞ്ഞു. ആയിരത്തിലധികം തൊഴിലാളികളാണ് വിവിധ പമ്പുകളിലായി ജോലി ചെയ്യുന്നത്. അവരുടെ ജീവന്‍ അപകടത്തിലാക്കാന്‍ സാധിക്കില്ല.

ജനങ്ങൾ മാസ്ക് ധരിക്കുന്നതിലൂടെ ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സംരക്ഷണമാണ് ഉറപ്പ് വരുത്തുന്നതെന്നും അദ്ദേഹം പറയുന്നു. അതേപോലെ നിലവിൽ ഭുവനേശ്വറിലെ ചില സൂപ്പര്‍ മാര്‍ക്കറ്റ് ഉടമുകളും പച്ചക്കറി കടയുടമകളും മാസ്ക് ധരിച്ചില്ലെങ്കില്‍ വീട്ടുസാധനം നല്‍കില്ലെന്ന് തീരുമാനവുമായി രംഗത്തെത്തിയിട്ടുണ്ട്.