ഇത് വെെറസ് ബാധയാണ്, അതിൻ്റെയടുത്ത് രാഷ്ട്രീയം കളിക്കരുത്: ട്രംപിന് ലോകാരോഗ്യ സംഘടനയുടെ മറുപടി

single-img
9 April 2020

ലോകമാകെ പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിന‍്റെ പേരിൽ രാഷ്ട്രീയവത്കരണം വേണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് ലോകാരോഗ്യ സംഘടനയുടെ മറുപടി.  ലോകാരോഗ്യ സംഘടനയ്ക്ക് ചൈനയോട് ചായ് വെന്ന ട്രംപിന്റെ വിമർശനത്തിനാണ് ഡബ്ല്യുഎച്ച്ഒയുടെ ജനറൽ ടെഡ്രോസ് അദനോം മറുപടി നൽകിയത്. 

മഹാമാരിയുടെ സാഹചര്യത്തെ രാഷ്ട്രീയവത്കരിക്കുന്നത് വലിയ അപകടമുണ്ടാക്കുമെന്നും കൂടുതൽ പേരുടെ മരണത്തിലാണ് ഇത് കലാശിക്കുകയെന്നും ജനറൽ ടെഡ്രോസ് അദനോം വ്യക്തമാക്കി. “ദയവ് ചെയ്ത് കോവിഡിനെ രാഷ്ട്രീയവത്കരിക്കുന്നത് ക്വാറന്റൈൻ ചെയ്യൂ” എന്നായിരുന്നു രാഷ്ട്രത്തലവന്മാരോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം.

ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിലാണ് മുഴുവൻ രാഷ്ട്രീയ നേതാക്കളും ശ്രദ്ധ ചെലുത്തേണ്ടത്. വൈറസിന്റെ പേരിലുള്ള രാഷ്ട്രീയവത്കരണം കൂടുതൽ കുഴപ്പങ്ങളുണ്ടാക്കുകയേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ലോകാരോഗ്യ സംഘടനയ്ക്കെതിരെ ട്രംപ് രൂക്ഷ വിമർശനം നടത്തിയത്. ലോകാരോഗ്യ സംഘടന എപ്പോഴും ചൈനയുടെ പക്ഷത്താണെന്നും ചൈനയിൽ പൊട്ടിപ്പുറപ്പെട്ട വൈറസിനെ പ്രതിരോധിക്കാനാവശ്യമായ നിർദേശങ്ങൾ സംഘടന നൽകിയില്ല. ചൈന ചെയ്തതു തെറ്റാണെന്നറിഞ്ഞിട്ടും നിലപാട് മാറ്റുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി.