‘ന്യായീകരണം വരുന്നുണ്ട് അവറാച്ചാ’ കേരളത്തോട് കേന്ദ്രത്തിന് വിവേചനമില്ല; – വി.മുരളീധരന്‍

single-img
9 April 2020

ഡല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിന് കേന്ദ്രം അനുവദിച്ച ഫണ്ടില്‍ വിവേചനമുണ്ടെന്ന ആരോപണത്തില്‍ മറുപടിയുമായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ഫണ്ട് അനുവദിച്ചത് കാലങ്ങളായുള്ള മാനദണ്ഡ പ്രകാരമാണ്. മുന്‍ സര്‍ക്കാരും പാര്‍ലമെന്റും പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഫണ്ട് അനുവദിച്ചത്. അതില്‍ വിവേചനമില്ലെന്നും മറിച്ചുള്ള പ്രചാരണം രാഷ്ട്രീയ ലാഭത്തിന് വേണ്ടിയുള്ളതാണെന്നും വി.മുരളീധരന്‍ പറഞ്ഞു. നിയമപരമായല്ല കാര്യങ്ങള്‍ ചെയ്തത് എന്നാണ് തോന്നുന്നതെങ്കില്‍ എന്തുകൊണ്ടാണ് കേരളം കോടതിയെ സമീപിക്കാത്തതെന്നും മന്ത്രി ചോദിച്ചു.

കോവിഡ് ഫണ്ടെന്ന നിലയിലല്ല തുക അനുവദിച്ചത്. ദുരന്ത നിവാരണ ഫണ്ടില്‍ നിന്നുള്ള അഡ്വാന്‍സ് എന്ന രീതിയിലാണ്. ഓരോ സംസ്ഥാനത്തിനും ഇങ്ങനെ തുക അനുവദിക്കുന്നതില്‍ കൃത്യമായ മാനദണ്ഡമുണ്ട്. കേന്ദ്രം ഭരിക്കുന്നത് മറ്റൊരു പാര്‍ട്ടിയാണ് എന്നത് കൊണ്ടാണ് ഇത്തരം ആരോപണമെന്നും അദ്ദേഹം പറഞ്ഞു. പ്രളയകാലത്ത് വിദേശ സഹായം വാങ്ങാന്‍ അനുവദിക്കാത്ത കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ വിദേശ സഹായം വാങ്ങുന്നുവെന്നാണ് മറ്റൊരു ആരോപണം വന്നിരിക്കുന്നത്. ഇതും രാഷ്ട്രീയ പ്രേരിതമാണ്. പ്രളയകാലത്ത് മന്ത്രിമാര്‍ വിദേശ യാത്ര ചെയ്യണം എന്നാവശ്യപ്പെട്ടിട്ട് അത് റദ്ദാക്കിയ ഒരു നടപടിയും വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നുണ്ടായിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. പക്ഷെ മറിച്ചാണ് ഇവിടെ പ്രചാരണങ്ങള്‍ നടന്നതെന്നും വി.മുരളീധരന്‍ പറഞ്ഞു.

ലോക്ക്ഡൗണിന് ശേഷം മാത്രമായിരിക്കും ആഭ്യന്തര വിമാന സര്‍വീസും ഉണ്ടാവുക. അത് കഴിഞ്ഞാല്‍ പ്രവാസികള്‍ക്ക് നാട്ടില്‍ മടങ്ങിയെത്താം. ഇപ്പോള്‍ ആഭ്യന്തര സര്‍വീസ് അനുവദിക്കാന്‍ കഴിയില്ല എന്നത് കൊണ്ടാണ് സ്‌പൈസ് ജെറ്റിന്റെ സ്‌പെഷ്യല്‍ സര്‍വീസിന് അനുമതി കൊടുക്കാന്‍ പറ്റാതിരുന്നത്. ഇതിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം മടക്കികൊടുക്കണം. ഇക്കാര്യം വ്യോമായന മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും വി.മുരളീധരന്‍ പറഞ്ഞു.