ലോക്ക് ഡൗണിൽ ഇല്ലാതായ പൊതുഇടങ്ങൾ തുറക്കണമെന്ന് സെബാസ്റ്റിൻ പോൾ, സഹായിച്ചില്ലെങ്കിലും പരാജയപ്പെടുത്തരുതെന്ന് മകന്റെ മറുപടി

single-img
9 April 2020

കൊറോണ വ്യാപനത്തെത്തുടർന്ന് സമ്പൂർണ ലോക്ക് ഡൗണിലാണ് കേരളവും. അടച്ചുപൂട്ടലിനെ തുടർന്ന് ഇല്ലാതായ പൊതുഇടങ്ങള്‍ തുറക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കയാണ് അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ. സെബാസ്റ്റിൻ പോള്‍.തന്റെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് സെബാസ്റ്റിൻ പോൾ പ്രതികരിച്ചത്.

അവസാനത്തെ മൈക്ക് കിട്ടിയത് മുപ്പത് ദിവസം മുന്‍പായിരുന്നെന്നും വൈകുന്നേരങ്ങളിലെ നിശബ്ദത അസഹനീയമാണെന്നും സെബാസ്റ്റ്യന്‍ പോള്‍ ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റില്‍ പറയുന്നു. നമുക്ക് നഷ്ടമായ ശബ്ദവും വെളിച്ചവും തിരികെപ്പിടിക്കണം. ലോക്ക്ഡൗണിലായ പൊതുഇടങ്ങള്‍ തുറക്കണം. കൊറോണയ്ക്കു കൊണ്ടുപോകാനുള്ളതല്ല നമ്മുടെ സ്വാതന്ത്ര്യവും ജനാധിപത്യവുമെന്നും സെബാസ്റ്റ്യന്‍ പോള്‍ കുറിച്ചു.

എന്നാൽ വൈറസിന്റെ സമൂഹവ്യാപനം തടയാൻ അടച്ചു പൂട്ടി എല്ലാവരും സുരക്ഷിതരായിരിക്കാൻ ശ്രമിക്കുന്ന സമയത്ത് ഉയർത്തിയ ആവശ്യത്തിന് കൃത്യമായ മറുപടിയുമായി രംഗത്തെത്തിയത് മകനും അഭിഭാഷകനുമായ റോണ്‍ സെബാസ്റ്റിൻ ആയിരുന്നു.

തൊഴിലും താമസസൗകര്യവും നഷ്ടപ്പെട്ട് ആയിരങ്ങള്‍ കാല്‍നടയായി നൂറു കണക്കിന് കിലോ മീറ്ററുകള്‍ താണ്ടുമ്ബോള്‍ എല്ലാ സൗകര്യങ്ങളും ഉള്ളവരുടെ വൈകുന്നേരത്തെ നിശ്ശബ്ദതതക്ക് എന്ത് അസഹനീയതയാണ് ഉള്ളതെന്ന് റോണ്‍ ചോദിക്കുന്നു.

അവരുടെ ജീവിതത്തിലേക്ക് ശബ്ദവും വെളിച്ചവും കൊണ്ടുവരാന്‍ ഒന്നും ചെയ്തില്ലെങ്കിലും, ചുരുങ്ങിയ പക്ഷം അതിന് വേണ്ടി കേരളത്തിലെങ്കിലും നടക്കുന്ന ശ്രമങ്ങളെ പരാജയപ്പെടുത്താനുള്ള ആഹ്വാനം നടത്താതിരിക്കാം. അതാണ് ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരുന്നിട്ടുള്ളവര്‍ ചെയ്യേണ്ടതെന്നും റോണ്‍ കുറിച്ചു.

സെബാസ്റ്റിൻ പോളിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന് താഴെ കമന്റിലൂടെയായിരുന്നു റോണിന്റെ മറുപടി.

അവസാനത്തെ മൈക്ക് മുപ്പതു ദിവസം മുൻപായിരുന്നു — കോതമംഗലത്തിനടുത്തു തൃക്കാരിയുരിൽ. വൈകുന്നേരങ്ങളിലെ നിശബ്ദത…

Posted by Sebastian Paul on Wednesday, April 8, 2020