ഹരിപ്പാട് ആളില്ലാത്ത പുരയിടത്തിൽ ഒരു വർഷത്തിലേറെ പഴക്കമുള്ള മനുഷ്യ അസ്ഥികൂടം കണ്ടെത്തി

single-img
9 April 2020

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് കരുവാറ്റ കല്പകവാടിക്ക് സമീപം വേലഞ്ചിറ തോപ്പിൽ ആളൊഴിഞ്ഞ പുരയിടത്തിൽ ഒരു വർഷത്തിലേറെ പഴക്കം തോന്നിക്കുന്ന മനുഷ്യ അസ്ഥികൂടം കണ്ടെത്തി. കാട് മൂടിക്കിടന്ന ഈ പ്രദേശത്തിൽ ഏതാനും ആഴ്ചകൾക്ക് മുൻപ് തീപിടിത്തം ഉണ്ടായിരുന്നു. വീടിനടുത്തുള്ള തോട്ടിൽ ചൂണ്ടയിടാനായി വന്ന കുട്ടികൾ ബുധനാഴ്ച വൈകുന്നേരമാണ് അസ്ഥികൂടം കണ്ടത്.

ഇവർ വിവരം അറിയിച്ചതനുസരിച്ചു നാട്ടുകാരും കുടുംബശ്രീ പ്രവർത്തകരും ഉടൻ ഹരിപ്പാട് പോലീസിൽ വിവരമറിയിച്ചു. രാത്രിതന്നെ പോലീസ് എത്തുകയും സ്ഥലം സീൽ ചെയ്യുകയും ചെയ്തിരുന്നു. ഇന്ന് കാലത്ത് 10 മണിയോടെ കായംകുളം ഡിവൈഎസ്പി ആർ ബിനുവിന്റെ നേതൃത്വത്തിൽ പോലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി.

ആലപ്പുഴയില്‍ നിന്നുള്ള സയന്റിഫിക് ഓഫീസറും വിരലടയാള വിദഗ്ധരും അടങ്ങുന്ന സംഘം പരിശോധനയ്ക്ക് എത്തിയിരുന്നു. കണ്ടെത്തിയ അസ്ഥികൂടത്തിന്റെ തലയോട് ഉൾപ്പെടെയുള്ള ഭാഗങ്ങൾ പലയിടത്ത് ചിതറിക്കിടക്കുകയായിരുന്നു. സമീപത്ത് നിന്നും ലഭിച്ച ഷർട്ടിന്റെ കഷ്ണത്തില്‍ നിന്നും ഇതൊരു പുരുഷന്റെ അസ്ഥികൂടമാണെന്നാണ് കരുതുന്നത്.

പകുതിയോളം കത്തിക്കരിഞ്ഞ നിലയിൽ കീടനാശിനി കുപ്പി, പകുതി കരിഞ്ഞ കുട എന്നിവ സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക്12 മണിയോടെ അസ്ഥികൂടം വിദഗ്ധ പരിശോധനക്കായി ആലപ്പുഴയ്ക്ക് കൊണ്ടുപോയി.