കേരളത്തിൽ ഇന്ന് 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; കാസർകോട്, കണ്ണൂർ ജില്ലകളിൽ നാല് പേർ വീതം

single-img
9 April 2020

കേരളത്തിൽ ഇന്ന് 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ അറിയിച്ചു. കാസർകോട്, കണ്ണൂർ ജില്ലകളിൽ നാല് പേർ വീതവും മലപ്പുറം 2, തിരുവനന്തപുരം 1, കൊല്ലം 1 എന്നിങ്ങനെയുമാണ് രോഗം സ്ഥിരീകരിച്ചവർ.

ഇവരിൽ11 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്. ഒരാൾ വിദേശത്തുനിന്നു വന്നതാണെന്നും മുഖ്യമന്ത്രി അറിയിച്ചു. കേരളത്തിൽ ഇതുവരെ 357 പേർക്ക് രോഗം സ്ഥിരീകരിച്ചു. 258 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 1,36,195 പേർ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ട്. വീടുകളിൽ 135472 പേരും ആശുപത്രികളിൽ 723 പേരും നിരീക്ഷണത്തിലുണ്ട്. 11469 സാമ്പിളുകളിൽ രോഗബാധയില്ലെന്ന് ഇന്ന് ഉറപ്പാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാസർകോടുള്ള രോഗികളെ ആകാശമാര്‍ഗം ആശുപത്രിയിലെത്തിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലോക്ക് ഡൗണിൽ വളം, വിത്ത്, കീടനാശിനി കടകള്‍ തുറക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിലവിൽ സംസ്ഥാനത്തുനിന്നും എട്ട് വിദേശികള്‍ രോഗമുക്തി നേടിയെന്നത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ആശുപത്രിയില്‍ ചികിത്സയിലുള്ള 7.5 ശതമാനം ആളുകളും 60 വയസ്സിന് മുകളില്‍ ഉള്ളവരാണ്.