പറയേണ്ട കാര്യങ്ങള്‍ പ്രധാനമന്ത്രി പറയണം; പാത്രം കൂട്ടിയടിച്ചാലോ ദീപം തെളിയിച്ചാലോ കോവിഡിനെ അതിജീവിക്കാനാകില്ല: ശിവസേന

single-img
7 April 2020

ലോകമാകെ നടക്കുന്ന കോവിഡിനെതിരായ യുദ്ധം ഇവിടെ പാത്രം കൂട്ടിയടിച്ചാലോ ദീപം തെളിയിച്ചാലോ വിജയിക്കാന്‍ സാധിക്കില്ലെന്ന് ശിവസേന. അതിന് പകരമായി കൃത്യമായി പറയേണ്ട കാര്യങ്ങള്‍ പ്രധാനമന്ത്രി പറയണമെന്നും ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തരുതെന്നും മുഖപത്രമായ സാമ്നയില്‍ ശിവസേന അഭിപ്രായപ്പെട്ടു. ഈ മാസം അഞ്ചിന് രാത്രി ഒമ്പത് മണിക്ക് ദീപങ്ങള്‍ തെളിയിച്ച് കോവിഡിനെതിരായ യുദ്ധത്തില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു.

ഈ ആഹ്വാനത്തെ തുടര്‍ന്ന് ആളുകള്‍ വീടുകള്‍ക്ക് പുറത്തിറങ്ങുകയും പടക്കം പൊട്ടിച്ച് ആഘോഷിക്കുകയും വരെ ചെയ്തു. അതെപോലെയ തന്നെ മാര്‍ച്ച് 22ന് ജനതാ കര്‍ഫ്യു ദിനത്തിലും ഇതുപോലെ പാത്രങ്ങള്‍ കൊട്ടിയോ കൈകള്‍ തമ്മിലടിച്ചോ വീട്ടില്‍ നിന്ന് ശബ്ദമുണ്ടാക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞ സമയത്തും ജനങ്ങള്‍ പുറത്തിറങ്ങി ആഘോഷങ്ങളില്‍ പങ്കാളികളായി.

ഈ സംഭവങ്ങളെ മുന്‍നിര്‍ത്തിയാണ് എന്താണ് ഏവരും ചെയ്യേണ്ടതെന്ന് പ്രധാനമന്ത്രി കൃത്യമായി പറയണമെന്ന് ശിവസേന പറഞ്ഞത്. ജനങ്ങള്‍ അദ്ദേഹത്തിന്റെ ആഹ്വാനങ്ങള്‍ പ്രധാനമന്ത്രി ഉദ്ദേശിക്കുന്ന പോലെയല്ല എടുക്കുന്നത്. ഇവിടെ സംഭവിക്കുന്നത്, ഒന്നല്ലെങ്കില്‍ അദ്ദേഹത്തിന് സംസാരിക്കാന്‍ അറിയുന്നില്ല, അല്ലെങ്കില്‍, ഒരു ഉത്സവ അന്തരീക്ഷം അദ്ദേഹം ആഗ്രഹിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രിയായ ഉദ്ദവ് താക്കറെ പറഞ്ഞു.

ഇതുപോലുള്ള സാഹചര്യത്തില്‍ കാര്യങ്ങള്‍ കൃത്യമായി ആശയവിനിമയം നടത്താന്‍ സാധിക്കാത്ത ഒരു നേതാവാണ് നമുക്കുള്ളതെങ്കില്‍ പാനിപ്പട്ട് യുദ്ധം തോറ്റപോലെ ഈ യുദ്ധവും നാം തോല്‍ക്കും. അതേപോലെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കാത്തവര്‍ക്കെതിരെയും നടപടിയുണ്ടാകണം. ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ സംഭവിച്ചത് മാത്രമല്ല, ലോക്ക് ഡൌണ്‍ കാലത്ത് 200ലധികം ആളുകളെ ഒത്തുകൂട്ടി ബിജെപി എംഎല്‍എ ദാദാറാവു കെച്ചേ ചെയ്തത് പോലുള്ള കാര്യങ്ങളും ശിക്ഷിക്കപ്പെടേണ്ടതാണ്. ശിവസേന അഭിപ്രായപ്പെട്ടു.