ജോലി കഴിഞ്ഞ് മാസ്ക് കവറിലാക്കി തിരിച്ചു നൽകണം, പിറ്റേന്ന് എത്തുമ്പോൾ അതേ മാസ്ക് ധരിക്കണം: കണ്ണീരിലും പ്രാര്‍ഥനയും മാത്രം കൂട്ടായി അമേരിക്കൻ നിവാസികൾ

single-img
7 April 2020

അമേരിക്കയിലെ കൊറോണ വെെറസ് ജീവനുകൾ കവർന്നെടുക്കുമ്പോൾ ലോകരാജ്യങ്ങൾ അന്തിച്ചു നിൽക്കുകയാണ്. വെെറസ് ബാധയ്ക്കു മുമ്പേ ലോകത്തെ അതിവികസിത രാജ്യമെന്നു പേരുകേട്ട അമേരിക്കയുടെ തകർച്ചയിൽ, സുഖസൗകര്യങ്ങൾ ഉൾപ്പെടെയുള്ള മോഹിച്ച് കുടിയേറിയവർ തലയിൽ കെെവയ്ക്കുന്നു. സ്വപ്‌നലോകമായിരുന്ന അമേരിക്കയില്‍ ഇപ്പോള്‍ മലയാളികളുടെ ജീവിതം കണ്ണീരിലും പ്രാര്‍ഥനയിലുമാണ് നിമിഷങ്ങളെണ്ണി നീക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. 

ഓരോ മണിക്കൂറിലും കോവിഡ്19 ബാധിച്ചുള്ള മരണവാര്‍ത്തകളാണു കേള്‍ക്കുന്നത്. സമ്പൂര്‍ണ ലോക്ക്ഡൗണിന് ഭരണകൂടം ഇപ്പോഴും തയാറായിട്ടില്ലെന്നുള്ളതും വിഷയത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. അവശ്യവസ്തുക്കളും രോഗപ്രതിരോധ ഉപാധികളും പോലും കിട്ടാത്ത ദുരിതജീവിതം. നാട്ടിലേക്കു മടങ്ങാന്‍ പോലുമാകാത്ത ദുരവസ്ഥയിലാണ് പ്രവാസി മലയാളികൾ. 

കോവിഡ് ഏറ്റവും കൂടുതല്‍ ജീവനെടുത്ത ന്യൂയോര്‍ക്കും കണക്ടിക്കട്ടും മലയാളികള്‍ ഏറെയുള്ള സ്ഥലങ്ങളാണ്. ഇപ്പോഴും രോഗപ്രതിരോധത്തിനു കാര്യമായ ഒരു നടപടിയുമില്ലെന്നു കണക്ടിക്കട്ടില്‍നിന്ന് മലയാളിയായ ആരോഗ്യ പ്രവര്‍ത്തക വ്യക്തമാക്കുന്നു. എന്നാൽ തദ്ദേശീയരെ ഇതൊന്നും ബാധിച്ച മട്ടില്ലെന്നുള്ളതാണ് അത്ഭുതകരം. അവര്‍ പതിവുപോലെ തിക്കിത്തിരക്കുകയും യാത്ര ചെയ്യുകയും ചെയ്യുന്നു. 

ന്യൂയോര്‍ക്കില്‍ ഓരോ രണ്ടുമിനിറ്റിലും ഓരോ മരണം റിപ്പോര്‍ട്ട് ചെയ്യുന്നു. അയല്‍സംസ്ഥാനമായ കടക്ടിക്കട്ടില്‍ ഓരോ മണിക്കൂറിലും ഒന്നിലധികമാണു മരണം. കണക്ടിക്കട്ടില്‍ കഴിഞ്ഞ മൂന്നിനും അഞ്ചിനുമിടെ 76 പേരാണു മരിച്ചത്. ഓരോ ദിവസവും ആയിരക്കണക്കിനാളുകള്‍ക്കു െവെറസ് ബാധയുണ്ടാകുന്നു. പലരും ക്ലിനിക്കുകളിലെ പരിശോധനയ്ക്കു ശേഷം മികച്ച ചികിത്സ ലഭിക്കാതെ വീട്ടില്‍ കഴിയുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. 

ഐടി ജീവനക്കാരിലേറെയും വീട്ടിലിരുന്നു ജോലി ചെയ്യാന്‍ തുടങ്ങിയതോടെ പൊതു ഗതാഗത സംവിധാനത്തില്‍ അല്‍പം തിരക്കു കുറഞ്ഞിട്ടുണ്ട്. വസ്ത്രശാലകള്‍, ചെരുപ്പുകടകള്‍, ബാര്‍ബര്‍ബ്യൂട്ടീഷന്‍ സ്ഥാപനങ്ങള്‍ തുടങ്ങി ചുരുക്കം കടകള്‍ മാത്രമാണു കണക്ടിക്കട്ടില്‍ അടഞ്ഞുകിടക്കുന്നത്.

ക്ലിനിക്കുകളില്‍ ജീവനക്കാര്‍ക്ക് മാസ്‌ക് നല്‍കുന്നതിനോടൊപ്പം പേരെഴുതിയ കവറും നല്‍കും. ജോലികഴിഞ്ഞ് മാസ്‌ക് കവറിലാക്കി തിരിച്ചുനല്‍കണം. പിറ്റേന്നു വരുമ്പോള്‍ അതു വീണ്ടും െകെയിലെത്തും. എല്ലാ ജീവനക്കാര്‍ക്കും നല്‍കാനുള്ള ഗൗണുകള്‍ പല ക്ലിനിക്കുകളിലുമില്ല. കോവിഡ് രോഗികളെ പരിചരിക്കുന്ന നഴ്‌സുമാര്‍ തന്നെയാണ് മറ്റു രോഗികളെയും ശുശ്രൂഷിക്കുന്നത്. ഒരേ ഗൗണ്‍ ധരിച്ചുള്ള ഇത്തരം ജോലി രോഗവ്യാപനത്തിന്റെ തീവ്രത കൂട്ടുകയാണ്.

കോവിഡ് ലക്ഷണങ്ങളുള്ളവരോടു പോലും വീട്ടിലിരിക്കാനാണു നിര്‍ദേശം .കലശലായാല്‍ മാത്രമേ ആശുപത്രിയില്‍ പ്രവേശനം കിട്ടൂ. ഇറ്റലിയിലും മറ്റും നടന്നതുപോലെ, പ്രായമായവരെ തള്ളിക്കളയുന്നു. ചെറുപ്പക്കാര്‍ക്കാണു വെന്റിലേറ്ററിലും മറ്റും മുന്‍ഗണന. മാസ്‌ക് അടക്കമുള്ള സാധനങ്ങള്‍ ദുര്‍ലഭമാണ്. കടകളില്‍ എത്തിയാല്‍ മിനിറ്റുകള്‍ക്കകം വിറ്റുതീരും. ഡെറ്റോള്‍ തുടങ്ങി അണുനാശിനികള്‍ പോലും കിട്ടാനില്ല. പച്ചക്കറികളും മറ്റും വാങ്ങാനായിപ്പോലും മലയാളികള്‍ മാര്‍ക്കറ്റിലേക്കു പോകാറില്ല. ഹോം ഡെലിവറിയായി വാങ്ങിയശേഷം അണുവിമുക്തമാക്കി ഉപയോഗിക്കുകയാണ്.