തൃശൂർ ജില്ലയിലെ അജ്ഞാത രൂപത്തെ തേടിയിറങ്ങി; ലോക് ഡൗണ്‍ ലംഘനത്തിന് ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു

single-img
6 April 2020

തൃശൂർ ജില്ലയിലെ ഭാഗങ്ങളിൽ കാണപ്പെടുന്നതായി പ്രചരിക്കുന്ന അജ്ഞാത രൂപത്തെ തേടിയിറങ്ങിയ ആറു പേരെപോലീസ് അറസ്റ്റ് ചെയ്തു. വൈറസ് വ്യാപനത്തിനെതിരെയുള്ള ലോക് ഡൗണ്‍ ലംഘിച്ചു കൂട്ടമായി പുറത്തിറങ്ങിയതിനാണ് ഇവർക്കെതിരെ കേസ്. അതേസമയം അജ്ഞാത രൂപത്തെ പറ്റി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.കഴിഞ്ഞ ദിവസം രാത്രിയാണ് അജ്ഞാത രൂപത്തെ അന്വേഷിച്ചു ഇറങ്ങിയ ആറ് പേരെ പോലീസ് പിടികൂടിയത്.

ജില്ലയിലെ ഗുരുവായൂരിലും പരിസര പ്രദേശങ്ങളിലും താമസിച്ചിരുന്ന ശ്രീരാജ്, അഭിഷേക്, അസ്ലം, ശരത്, സുനീഷ് ,രാഹുല്‍ രാജ് എന്നിവരാണ് പിടിയിലായത്. ബൈക്കില്‍ സഞ്ചരിക്കുന്ന സമയമാണ് ഇവർ പിടിയിലായത്. കുന്നംകുളത്തും സമീപ പ്രദേശങ്ങളിലും അജ്ഞത രൂപം പറന്നു നടക്കുന്നു എന്ന രീതിയിൽ പ്രചാരണം ഒരാഴ്ചയില്‍ ഏറെ ആയി നടക്കുന്നുണ്ട്.

എന്നാൽ ഈ പ്രചാരണങ്ങളിൽ യാതൊരു അടിസ്ഥാനവും ഇല്ലെന്നാണ് പോലീസ് പറയുന്നത്. ഇതുവരെ ഈ രൂപത്തിന്റെ വീഡിയോയോ ഫോട്ടോയോ ആര്‍ക്കും കിട്ടിയിട്ടില്ല. ലോക്ക് ഡൌൺ കാലത്തിൽ കൂട്ടം ചേര്‍ന്ന് പുറത്തിറങ്ങാന്‍ ഓരോരോ കാരണങ്ങള്‍ കണ്ടെത്തുകയാണ് നാട്ടുകാര്‍ എന്നാണ് പോലീസ് കരുതുന്നത്.