റിപ്പോർട്ടു ചെയ്യാത്ത തബ്ലീഗി അംഗങ്ങൾക്കെതിരെ കൊലപാതക ശ്രമത്തിനു കേസെടുക്കും

single-img
6 April 2020

സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ തബ്ലീഗി അംഗങ്ങൾക്ക് മുന്നറിയിപ്പുമായി ഉത്തരാഖണ്ഡ് പൊലീസ് രംഗത്ത്.  അടുത്തിടെ ഏതെങ്കിലും സമ്മേളനങ്ങളിൽ പങ്കെടുക്കുകയും, ഇപ്പോൾ ഉത്തരാഖണ്ഡിൽ താമസിക്കുകയും ചെയ്യുന്ന തബ്ലീഗി അംഗങ്ങൾ ഏപ്രിൽ ആറിനകം അധികാരികൾക്ക് മുന്നിൽ റിപ്പോർട്ട് ചെയ്യണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിട്ടുള്ളത്. 

അല്ലാത്തപക്ഷം അവർക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഏപ്രിൽ ആറിനകം പൊലീസിനോ ഭരണകൂടത്തിനോ മുന്നിൽ ഹാജരാകണമെന്ന് തബ്‌ലീഗി അംഗങ്ങളോട് ഡി.ജി.പി അനിൽ കെ രതൂരി അഭ്യർത്ഥിച്ചു. അവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്നും, ആവശ്യമെങ്കിൽ വൈദ്യസഹായം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. 

അടുത്തിടെ നിസാമുദ്ദീൻ സന്ദർശനത്തിന് ശേഷം ഉത്തരാഖണ്ഡിലേക്ക് മടങ്ങിയെത്തിയ എല്ലാ തബ്ലീഗി അംഗങ്ങളെയും കണ്ടെത്താൻ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം, ഭരണകൂടവും, പൊലീസ് ഉദ്യോഗസ്ഥരും ശ്രമിക്കുന്നതായും രതൂരി പറഞ്ഞു.

‘ഏപ്രിൽ 6 ന് ശേഷം പൊലീസും ഭരണകൂടവും ആരെങ്കിലും മനപൂർവ്വം ഒളിച്ചിരിക്കുകയാണെന്നും ആ വ്യക്തിക്ക് കൊവിഡ് ഉണ്ടെന്നും അറിഞ്ഞാൽ, ദുരന്തനിവാരണ നിയമത്തിന് പുറമെ കൊലപാതകശ്രമത്തിനും അയാൾക്കെതിരെ നടപടി സ്വീകരിക്കും. അയാൾ കാരണം ഗ്രാമത്തിലോ പ്രദേശത്തോ ആരെങ്കിലും മരിച്ചാൽ കൊലപാതകക്കുറ്റം ചുമത്തും’-ഡി.ജി.പി മുന്നറിയിപ്പ് നൽകി.