കേരളമിനിയും വീട്ടിലിരിക്കേണ്ടി വരും: ഈ മാസം മുഴുവൻ സംസ്ഥാനത്ത് നിയന്ത്രണം തുടരാൻ സംസ്ഥാന സർക്കാർ തീരുമാനമെന്നു സൂചന

single-img
6 April 2020

കോവിഡ്‌ വൈറസിനെതിരെ കേരളത്തിൻ്റെ പോരാട്ടം ലോകചരിത്രത്തിൽ ഇടംനേടിക്കഴിഞ്ഞു. കോവിഡ് പ്രതിരോധത്തെ സംബന്ധിച്ച് കേരളത്തിന്  ഈയാഴ്‌ച നിര്‍ണായകമാണ്. ലോക്ക്‌ഡൗണിനുമുന്‍പു വിദേശത്തുനിന്നു കേരളത്തിലെത്തിയവരുടെ നിരീക്ഷണകാലാവധിയുടെ അവസാനദിവസങ്ങളാണു ഇനി വരാനുള്ളത്‌. 

മാര്‍ച്ച്‌ 25ന്‌ ആണ്‌ രാജ്യവ്യാപകലോക്‌ഡൗണ്‍ പ്രഖ്യാപിച്ചത്‌. എന്നാൽ രോഗികളുടെ എണ്ണം കൂടിയാലും കുറഞ്ഞാലും ഈമാസം മുഴുവന്‍ സംസ്‌ഥാനത്തു കര്‍ശന നിയന്ത്രണം തുടരാനാണു സര്‍ക്കാര്‍ തീരുമാനമശന്നാണ് സൂചനകൾ. സമൂഹവ്യാപനം ഇതുവരെ സ്‌ഥിരീകരിക്കപ്പെടാത്ത സാഹചര്യത്തില്‍ വരുംദിവസങ്ങളില്‍ രോഗികളുടെ എണ്ണം കാര്യമായി കൂടുന്നില്ലെങ്കില്‍ കാര്യങ്ങള്‍ നിയന്ത്രണത്തിലാകുമെന്നാണ്‌ ആരോഗ്യ വിദഗ്‌ധർ വിലയിരുത്തുന്നത്. 

നിലവില്‍ കേരളത്തിലെ കോവിഡ്‌ ബാധിതരില്‍ 85 ശതമാനത്തോളം വിദേശത്തു നിന്നെത്തിയവരാണ്‌. ലോക്‌ഡൗണ്‍ ഉള്‍പ്പെടെ കര്‍ശന നിയന്ത്രണങ്ങള്‍ വന്നതോടെ ഇവരില്‍നിന്നു കൂടുതല്‍ പേരിലേക്കു രോഗം പടര്‍ന്നിരിക്കാനുള്ള സാധ്യത കുറവാണെന്ന പ്രതീക്ഷയിലാണ്‌ ആരോഗ്യ വിദഗ്‌ധര്‍. 

ഇവരില്‍നിന്ന്‌ എത്രപേര്‍ക്ക്‌ വൈറസ്‌ പകര്‍ന്നെന്ന്‌ അറിയാന്‍ കഴിഞ്ഞാല്‍ കോവിഡിനെ പ്രതിരോധിക്കാനുള്ള പുതിയ തന്ത്രങ്ങള്‍ക്കും സര്‍ക്കാര്‍ രൂപം നല്‍കും. കാസര്‍ഗോഡ്‌, കണ്ണൂര്‍ ജില്ലകളിലും ഇടുക്കിയിലെ പൊതുപ്രവര്‍ത്തകനുമായി ബന്ധപ്പെട്ടവരും തിരുവനന്തപുരം പോത്തന്‍കോട്ടെ സാഹചര്യങ്ങളും വെല്ലുവിളിയായി തുടരുന്നതും ആരോഗ്യ വകുപ്പിനു തലവേദനയാകുന്നുണ്ട്‌.