തിരുവനന്തപുരം വിഴിഞ്ഞത്ത് കുരിശടിയില്‍ തുണിയില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍ ചോരക്കുഞ്ഞിനെ കണ്ടെത്തി

single-img
4 April 2020

തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്ത് നവജാതശിശുവിനെ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വിഴിഞ്ഞത്തിന്‍റെ സമീപം ചൊവ്വരയില്‍ കുരിശടിക്ക് സമീപത്താണ് പെണ്‍കുഞ്ഞിനെ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടത്.

ലോക്ക് ഡൌണ്‍ നിലവില്‍ ഉള്ളതിനാല്‍ ആരും പുറത്തിറങ്ങാത്ത സമയമാണ് കുരിശടിയില്‍ വെയിലത്ത് തുണിയില്‍ പൊതിഞ്ഞ നിലയില്‍ ചോരക്കുഞ്ഞിനെ കണ്ടെത്തിയത്. ജനിച്ചിട്ട് ഏകദേശം 5 ദിവസം മാത്രമാണ് കുട്ടിയുടെ പ്രായമെന്നാണ് പ്രാഥമിക നിഗമനം.ഇവിടെ നല്ല വെയില്‍ ഉണ്ടായിരുന്നതിനാല്‍ ശരീരം ചുവന്നിരുന്നു.

ചെറിയ രീതിയില്‍ ശരീരത്തില്‍ നിര്‍ജലീകരണവും സംഭവിച്ചതൊഴിച്ചാല്‍ കുഞ്ഞ് ആരോഗ്യവതിയാണ്. തെരുവ് നായ്ക്കള്‍ അലഞ്ഞു നടക്കുന്ന പ്രദേശത്താണ് കുഞ്ഞ് സുരക്ഷിതയായികിടന്നത്. ഈ വഴിയിലൂടെ കടന്നുപോയ യുവാവാണ് രക്ഷകനായത്. ഇയാള്‍ കുട്ടിയെ കണ്ട ഉടന്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് എത്തി വിഴിഞ്ഞം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് കുഞ്ഞിന് പ്രാഥമിക ശുശ്രൂഷ നല്‍കി. കുഞ്ഞിന്റെ പൊക്കിള്‍ക്കൊടിയില്‍ ക്ലിപ് കണ്ടതിനാല്‍ ആശുപത്രിയില്‍ വെച്ച് നടന്ന പ്രസവം ആകാമെന്നാണ് നിഗമനം. കുഞ്ഞിനെ നിലവില്‍ തൈക്കാട് ആശുപത്രിയിലേക്ക് മാറ്റി.