കൊവിഡ് 19; വൈറസ് ബാധിതരുടെ എണ്ണം 1000 കടന്നു; ഒരു മാസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് സിംഗപ്പൂര്‍

single-img
3 April 2020

കൊവിഡ് 19 വൈറസ് നിയന്ത്രാതീതമായി വർദ്ധിക്കുന്നത് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഒരു മാസത്തെ ഷട്ട്ഡൗണ്‍ പ്രഖ്യാപിച്ച് സിംഗപ്പൂര്‍. ഈ മാസം ഏഴു മുതല്‍ ഒരു മാസത്തേക്കാണ് ലോക്ക്ഡൗണ്‍. ഈ കാലയളവിൽ അത്യാവശ്യ സര്‍വീസുകളും പ്രധാന സാമ്പത്തിക സ്ഥാപനങ്ങളും ഒഴിച്ചുള്ളവയെല്ലാം അടച്ചിടാന്‍ സിംഗപ്പൂര്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.

രാജ്യമാകെയുള്ള വൈറസ് ബാധിതരുടെ എണ്ണം ഇപ്പോൾ 1000 കടന്ന സാഹചര്യത്തിലാണ് ഭരണകൂടത്തിന്റെ തീരുമാനം. ജനങ്ങൾക്ക് ആവശ്യമായ ഫുഡ്‌, ആശുപത്രികള്‍, ഗതാഗതം എന്നിവയെയാണ് അവശ്യ സര്‍വീസുകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നിലവിൽ കോവിഡുമായി ബന്ധപ്പെട്ട് രാജ്യത്ത് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്. എങ്കിലും ചില കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്ന് പ്രഖ്യാപനത്തിന് മുമ്പായി പ്രധാനമന്ത്രി ലീ ഫെയ്സ്ബുക്കില്‍ വ്യക്തമാക്കിയിരുന്നു.

ലോക്ക് ഡൌൺ കാലയളവിൽ സ്‌കൂളുകളും കോളജുകളും പ്രവര്‍ത്തിക്കില്ലെന്നും വിദ്യാര്‍ഥികള്‍അവരവരുടെ വീടുകളില്‍ പഠനം നടത്തണമെന്നും നിര്‍ദേശമുണ്ട്. പൊതുജനങ്ങൾ പുറത്തിറങ്ങാതെ വീടുകളില്‍ തന്നെ കഴിയണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സിംഗപ്പൂരില്‍ ആകെ ഇതുവരെ 1,049 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.ഇവരിൽ അഞ്ചുപേര്‍ മരിക്കുകയും ചെയ്തു.