ന്യൂയോർക്കിനെ തോൽപ്പിച്ച കേരളം: കൊവിഡ് ബാധ കേരളത്തിൽ സ്ഥിരീകരിച്ച് ഒരു മാസം കഴിഞ്ഞെത്തിയ ന്യുയോർക്ക് മരണഭൂമിയായി: ഇതുവരെ നഷ്ടപ്പെട്ടത് 2219 ജീവനുകൾ

single-img
3 April 2020

കൊറോണ രോഗബാധ അമേരിക്കയിൽ പടർന്നുപിടിക്കുകയാണ്. അമേരിക്കയിലെ ഏറ്റവും പ്രസിദ്ധ നഗരമായ ന്യൂയോർക്ക് സിറ്റിയിലാണ് കൊറോണ ഭീകര താണ്ഡവമാടുന്നത്. 80,000 ലേറെ രോഗികളാണു ന്യൂയോർക്കിലുള്ളത്. കേരളത്തിൽ കോവിഡ് ബാധ സ്ഥിരീകരിച്ച് ഒരു മാസം കഴിഞ്ഞാണ് അമേരിക്കയിൽ കോവിഡ് എത്തുന്നത്. എന്നാൽ വൈറസ് മൂലം നാശനഷ്ടങ്ങൾ അമേരിക്കയിൽ സംഭവിച്ചത് കണക്കുകൂട്ടിയതിലും അധികമാണ്. 

വികസിത രാജ്യമായ അമേരിക്കയ്ക്ക് തങ്ങളുടെ പ്രവർത്തന മികവിലൂടെ കൃത്യമായ മാതൃക കാട്ടി കൊടുക്കുകയാണ് കേരളം. കൃത്യമായ പരിശോധനയിലൂടെയും  പ്രതിരോധത്തിലൂടെയും വൈറസ് ബാധയെ ചെറുക്കുവാൻ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ് കേരളം. 

വുഹാനിൽ നിന്നും വന്ന മെഡിക്കൽ വിദ്യാർഥിനിയിലൂടെ കേരളത്തിൽ ആദ്യത്തെ കൊറോണ സ്ഥിരീകരിച്ച് ഒരു മാസം കഴിഞ്ഞാണ് ന്യൂയോർക്ക് സിറ്റിയിൽ കൊറോണ എത്തുന്നത്. പക്ഷേ രോഗത്തെ പിടിച്ചു നിർത്തുവാൻ ന്യുയോർക്കിന് കഴിഞ്ഞില്ലെന്നാണ് ഫലങ്ങൾ വ്യക്തമാക്കുന്നത്. 

3.34 കോടി ജനസംഖ്യയുള്ള കേരളത്തിൽ ആദ്യത്തെ കൊറോണ റിപ്പോർട്ട് ചെയ്തത് ജനുവരി 30ന് ആയിരുന്നു. അതേസമയം 1.94 കോടി ജനസംഖ്യയുള്ള ന്യൂയോർക്കിൽ ആദ്യത്തെ കൊറോണ കേസ് എത്തിയത് മാർച്ച് ഒന്നിനും. കൃത്യമായ പ്രതിരോധത്തിലൂടെ വലിയ നാശനഷ്ടങ്ങൾ സംഭവിക്കാതെ കേരളം ശ്രദ്ധിച്ചപ്പോൾ അപ്പോൾ ന്യൂയോർക്കിൽ കാര്യങ്ങൾ കൈവിട്ടുപോയി. ഇക്കാര്യം നിലവിലെ സ്ഥിതിഗതികൾ പരിശോധിച്ചാൽ മനസ്സിലാകും. 

കേരളത്തിലെ കാര്യമെടുത്താൽ നിലവിൽ 265 രോഗബാധിതരാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 237 പേർ ചികിത്സയിലുണ്ട്. അതേസമയം 27 പേർ ചികിത്സ പൂർത്തിയാക്കി ആശുപത്രിവിട്ടു. കേരളത്തിൽ ആകെ സംഭവിച്ചിരിക്കുന്ന മരണം രണ്ടെണ്ണം മാത്രമാണ്. 

ഇതേസമയം ന്യൂയോർക്കിലെ സ്ഥിതി പരിശോധിക്കുകയാണെങ്കിൽ 83901 കൊറോണ രോഗികളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 75540 രോഗികൾ നിലവിൽ ചികിത്സയിലുണ്ട്. 6142 രോഗികൾ രോഗം ഭേദമായി  ആശുപത്രി വിട്ടു. അതേസമയം 2219 പേർക്ക് കൊറോണ മൂലം ന്യൂയോർക്കിൽ ജീവൻ നഷ്ടപ്പെട്ടു എന്നുള്ളതാണ് എടുത്തു പറയേണ്ട വസ്തുത. 

പ്രതിരോധത്തിൻറെ ഭാഗമായുള്ള കൃത്യമായ മുന്നൊരുക്കവും പ്രവർത്തനമികവും ആണ് കേരളത്തെ വൻ ദുരന്തത്തിൽ നിന്നും കരകയറ്റിയത്. ഫെബ്രുവരി മാസങ്ങളിൽ രോഗം പടർന്നു പിടിക്കുമെന്ന സൂചനകൾ കേരളത്തിൽ ലഭിച്ചുവെങ്കിലും കൃത്യമായ പ്രതിരോധത്തിലൂടെ രോഗത്തെ പിടിച്ചു നിർത്തുവാനായി. അതുകൊണ്ടുതന്നെയാണ് കേരള മാതൃക ലോകത്തിനുമുന്നിൽ ഉയർന്നുനിൽക്കുന്നതും.