എല്ലാവർക്കും സഹായം നൽകുന്ന അമേരിക്കയും ഒടുവിൽ സഹായം ചോദിച്ചു: 60 ടൺ മെഡിക്കൽ ഉപകരണങ്ങളുമായി റഷ്യൻ വിമാനം ന്യൂയോർക്കിൽ പറന്നിറങ്ങി

single-img
3 April 2020

കൊറോണ വെെറസ് ലോകത്തെ പിടിച്ചു കുലുക്കുകയാണ്. ലോകരാജ്യങ്ങളിൽ മുമ്പനായ യുഎസിൽ കോവിഡ് സംഹാര താണ്ഡവമാടുകയാണ്. കോവിഡ് രോഗികൾ ലക്ഷങ്ങളായി പെരുകിയതോടെ യുഎസിൽ മാസ്ക്, ഗൗൺ, കയ്യുറകൾ എന്നീ അടിയന്തര മെഡിക്കൽ ഉപകരണങ്ങൾക്ക് ക്ഷാമം നേരിട്ടതായി റിപ്പോർട്ടുകൾ. 

ഇതിനിടെ വെൻ്റിലേറ്ററുകൾ അടക്കം 60 ടൺ മെഡിക്കൽ ഉപകരണങ്ങളുമായി റഷ്യൻ വിമാനം ബുധനാഴ്ച ന്യൂയോർക്കിലിറങ്ങി. യുഎസ് സർക്കാരിന്റെ കരുതൽ ശേഖരത്തിലുണ്ടായിരുന്ന 1.6 കോടി എൻ 95 മാസ്കുകൾ, 2.2 കോടി കയ്യുറകൾ, 7140 വെന്റിലേറ്ററുകൾ എന്നിവ വിതരണം ചെയ്തു കഴിഞ്ഞതോടെയാണു വിദേശസഹായം തേടേണ്ടിവന്നത്. തിങ്കളാഴ്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യ പ്രസിഡന്റ് വ്ളാഡിമിർ പുടിനും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിന്റെ അടിസ്ഥാനത്തിൽ ഇറക്കുമതിക്കു ധാരണയായിരുന്നു. 

11 കമ്പനികളാണു നിലവിൽ യുഎസിൽ വെന്റിലേറ്ററുകൾ നിർമിച്ചുകൊണ്ടിരിക്കുനത്. ഇവ അടുത്ത ആഴ്ചയോടെ ലഭ്യമാകുമെന്നാണു സൂചന. അതേസമയം, ഫ്ലോറിഡ, ജോർജിയ, മിസിസിപ്പി, നെവാഡ എന്നീ സംസ്ഥാനങ്ങളിലും വീടിനു പുറത്തിറങ്ങുന്നതിനു നിയന്ത്രണം ഏർപ്പെടുത്തി. ഇതോടെ 80 % അമേരിക്കക്കാരും ലോക്ഡൗണിലായി. വൈറസ് വ്യാപനം ശക്തമായ മേഖലകളിലേക്കുള്ള ആഭ്യന്തര വിമാനസർവീസുകൾ നിർത്തിവയ്ക്കാൻ നീക്കമുണ്ട്.

80,000 ലേറെ രോഗികളാണു ന്യൂയോർക്കിലുള്ളത്. ന്യൂജഴ്സിയിൽ 22,000 കവിഞ്ഞു. കലിഫോർണിയ, മിഷിഗൻ എന്നീ സംസ്ഥാനങ്ങളിൽ രോഗികൾ പതിനായിരമായി. മറ്റു സംസ്ഥാനങ്ങളിൽ ശരാശരി അയ്യായിരത്തിലേറെ പേർക്കാണു രോഗം സ്ഥിരീകരിച്ചതെന്നും പുറത്തു വന്ന റിപ്പോർട്ടുകളിൽ പറയുന്നു.