തീരത്തണഞ്ഞ ആശ്വാസം; 52 മണിക്കൂറിൽ വിഷ്ണുവും ഗർഭിണിയായ വൃന്ദയും സഞ്ചരിച്ചത് 3000 കിലോമീറ്റർ

single-img
2 April 2020

ആലപ്പുഴ : രാജ്യതലസ്ഥാനത്തിനടുത്തുനിന്നു കേരളത്തിലെ ഹരിപ്പാട്ടേക്ക് ആംബുലൻസിന്റെ 52 മണിക്കൂർ പാച്ചിൽ. മൂവായിരത്തിലധികം കിലോമീറ്റർ താണ്ടിയ വണ്ടിക്കുള്ളിൽ വൃന്ദയും ഭർത്താവ് വിഷ്ണുവും. ഗർഭിണിയായ വൃന്ദയ്ക്കു ഡോക്ടർ പൂർണവിശ്രമം നിർദേശിച്ചപ്പോഴാണു ഡൽഹിക്കു സമീപം യുപി അതിർത്തി പ്രദേശമായ ഗാസിയാബാദിൽനിന്ന് ഇവരെ നാട്ടിലെത്തിച്ചത്.

കൃത്യമായി പറഞ്ഞാൽ ഗ്രേറ്റർ നോയിഡയിലെ നവീൻ ആശുപത്രിയിൽനിന്ന്‌ ഹരിപ്പാട് തൃക്കുന്നപ്പുഴ പല്ലനയിലെ പുത്തൻവീട്ടിലേക്കായിരുന്നു ഈ നോൺ സ്‌റ്റോപ്പ് യാത്ര. മാർച്ച് 29-ന് രാവിലെയാണ് യാത്ര തുടങ്ങിയത്. ത‍ിങ്കളാഴ്ച രാവിലെ 11നു പുറപ്പെട്ട് ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തി. ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരമുള്ള നിരീക്ഷണത്തിലാണിനി ഇരുവരും.

നോയിഡയിലെ ഇലക്‌ട്രോണിക്‌സ് സിറ്റിയിൽ ജോലി ചെയ്തിരുന്ന വിഷ്ണുവും ബഹുരാഷ്ട്ര കമ്പനികളുട കാൾ സെന്ററിലെ ജീവനക്കാരിയായ വൃന്ദയും ഇന്ദിരാ നഗറിലായിരുന്നു താമസം. ഒരു മാസം മുൻപാണ് വൃന്ദ ഗർഭിണിയാണെന്നു മനസ്സിലായത്. ലോക്‌ഡൗണിനിടെ ഭക്ഷണവും മരുന്നും വാങ്ങാൻ പുറത്തേക്കിറങ്ങിയ വിഷ്ണുവിന് പൊലീസിന്റെ മർദനവുമേൽക്കേണ്ടി വന്നു. നാട്ടിലെത്താനുള്ള വഴി തേടിയപ്പോൾ യാത്രയ്ക്കുള്ള ആംബുലൻസും വൈദ്യസഹായവും നൽകാമെന്ന് ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു.

വൃന്ദയ്ക്ക് അടിയന്തര വൈദ്യസഹായം വേണമെന്ന് വിശദമാക്കുന്ന മെഡിക്കൽ റിപ്പോർട്ട് കൈയിൽ കരുതിയിരുന്നു. ബുധനാഴ്ച രാവിലെ വാളയാറെത്തിയപ്പോഴായിരുന്നു പോലീസ് ഉദ്യോഗസ്ഥർ ആദ്യമായി ആംബുലൻസ് തടഞ്ഞത്. ഡൽഹിയിലേക്ക് മടങ്ങിപ്പോകാനാണ് ആദ്യം ആവശ്യപ്പെട്ടത്. കാര്യങ്ങൾ ബോധ്യപ്പെടുത്തിയപ്പോൾ യാത്രാനുമതി കിട്ടി. ഉച്ചയ്ക്ക് രണ്ടുമണിയോടെ ഹരിപ്പാട് ഗവ. ആശുപത്രിയിലെത്തിച്ചേർന്നു. ഡോക്ടർമാർ വൃന്ദയെ പരിശോധിച്ചു. ഡ്രിപ്പ് കൊടുത്തു. ആറു മണിയോടെ വീട്ടിലേക്ക് വിട്ടു. ഇനി മൂന്നാഴ്ച സമ്പർക്ക വിലക്കാണ് നിർദേശിച്ചിരിക്കുന്നത്