100 രൂപ കൊടുത്താൽ മദ്യം വീട്ടിലെത്തിക്കും; കുറിപ്പടിയും പാസും വേണം

single-img
1 April 2020

തിരുവനന്തപുരം: മദ്യം വീട്ടിലെത്തിച്ചു കൊടുക്കാനുള്ള നടപടികൾ ആരംഭിച്ച് സർക്കാർ. ഡോക്ടറുടെ കുറിപ്പടിയും പാസ്സുമുണ്ടെങ്കിൽ നൂറ് രൂപ സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കി മദ്യം വീട്ടിലെത്തിച്ചു നല്‍കാനാണ് ബെവ്‌കോ പദ്ധതി. എക്‌സൈസ് പാസ് നല്‍കുന്നവര്‍ക്ക് ബെവ്‌കോ ഗോഡൗണില്‍ നിന്നാവും മദ്യം എത്തിക്കുക. മദ്യ വിതരണത്തോട് സഹകരിക്കാത്ത ജീവനക്കാരുടെ പേരും വിവരങ്ങളും സര്‍ക്കാരിന് കൈമാറുമെന്ന് ബെവ്‌കോ എംഡി സ്പര്‍ജന്‍ കുമാര്‍ വ്യക്തമാക്കി.

ഡോക്ടര്‍മാരുടെ കുറിപ്പടി പ്രകാരം മദ്യം നല്‍കാമെന്ന സര്‍ക്കാര്‍ ഉത്തരവിറങ്ങിയതിന് ശേഷമാണ് നടപടിക്രമങ്ങള്‍ വിശദീകരിച്ചു കൊണ്ട് ബെവ്‌കോ ഗോഡൗണ്‍ മാനേജര്‍മാർക്ക് ബെവ്‌കോ എംഡി നിര്‍ദേശം നല്‍കിയിരിക്കുന്നത്. എക്‌സൈസിന്റെ പാസുമായി എത്തുന്നവര്‍ക്ക് ബെവ്‌കോയുടെ എസ് എല്‍ 9 ലൈസന്‍സുള്ള ഗോഡൗണില്‍ നിന്നായിരിക്കും മദ്യവിതരണം നടത്തുക. സംസ്ഥാനത്തെ എല്ലാ ബിവറേജസ് ഔട്ട്ലെറ്റുകളിലേക്കും മദ്യമെത്തിക്കുന്ന ഗോഡൗണുകളില്‍ നിന്നാവും മദ്യം വിതരണം.

നൂറ് രൂപയാണ് സര്‍വ്വീസ് ചാര്‍ജ്ജ് ചാര്‍ജ്ജായി ഈടാക്കുക. ഗോഡൗണിലെ ഏറ്റവും വിലകുറഞ്ഞ മദ്യമായിരിക്കും നല്‍കുക. മൂന്നു ലിറ്റര്‍ വീതം ഒരാള്‍ക്ക്‌ ഒരാഴ്ചത്തേക്ക് നല്‍കാനാണ് പാസ്. മദ്യം എത്തിച്ചു നല്‍കുന്നതിന് ആവശ്യമായ വാഹനങ്ങള്‍ ഗോഡൗണ്‍ മാനേജര്‍മാര്‍ സംഘടിപ്പിക്കണം എന്നും സർക്കുലറിൽ പറയുന്നു.സര്‍ക്കാര്‍ നിര്‍ദേശവും നടപടിയും പാലിക്കാത്തവരെ കുറിച്ചുള്ള പേര് വിവരങ്ങള്‍ നല്‍കണമെന്നും സർക്കുലർ നിഷ്കർഷിക്കുന്നുണ്ട്.ആവശ്യമെങ്കില്‍ ഗോഡൗണ്‍ മാനേജര്‍മാര്‍ക്ക് എക്‌സൈസിന്റെയോ പോലീസിന്റെയോ സഹായം തേടാം.

ലോക്ക്ഡൗണ്‍ കാലയളവില്‍ മാത്രമായിരിക്കും ഈ സംവിധാനം ഉണ്ടാവുക. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, മെഡിക്കല്‍ കോളേജുകള്‍, താലൂക്കാശുപത്രികള്‍ തുടങ്ങീ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ കുറിപ്പടി നല്‍കുകയാണെങ്കില്‍ മാത്രമേ പാസ് അനുവദിക്കൂ.സര്‍ക്കാരിന്റെ തീരുമാനം അശാസ്ത്രീയമാമെന്നും ഡോക്ടര്‍മാരുടെ മനോവീര്യം തകര്‍ക്കുന്നതാണെന്നും ആരോപിച്ച് കെജിഎംഒഎയുടെ നേതൃത്വത്തില്‍ ഇന്നാണ് ഡോക്ടര്‍മാര്‍ കരിദിനം ആചരിക്കുന്നത്.