ഇസ്രായേലിൽ പ്രധാനമന്ത്രിക്കു പിന്നാല സെെനികത്തലവനും ക്വാറന്‍റൈനിൽ: കൊറോണ ബാധിച്ചവരുടെ എണ്ണം നാലു ദിവസത്തിനുള്ളിൽ ഇരട്ടിയായി

single-img
1 April 2020

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് പിന്നാലെഡിഫൻസ് ഫോഴ്‌സ് ചീഫ് ഓഫ് സ്റ്റാഫ് ലഫ്റ്റനന്റ് ജനറൽ അവീവ് കൊച്ചവിയും രണ്ട് മുതിർന്ന കമാൻഡർമാരും ചൊവ്വാഴ്ച ക്വാറന്‍റൈനിലായതായി റിപ്പോർട്ടുകൾ.  കൊറോണ വൈറസ് സ്ഥിരീകരിച്ച പാർലമെന്‍റിലെ ജീവനക്കാരനുമായി അടുത്തിടപഴകിയതിനെ തുടർന്നാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും അദ്ദേഹത്തിന്റെ അടുത്ത ഉപദേഷ്ടാക്കളെയും ക്വൈറന്‍റൈനിലാക്കിയത്.

കൊറോണ വൈറസ് സ്ഥിരീകരിച്ച ഒരു മുതിർന്ന കമാൻഡറുമായി അടുത്തിടെ സമ്പർക്കം പുലർത്തിയതിനെ തുടർന്നാണ് അവീവ് കൊച്ചവി ഉൾപ്പടെയുള്ളവർ ക്വാറന്‍റൈനിലായതെന്ന് സൈന്യം അറിയിച്ചു.ലഫ്റ്റനന്റ് ജനറൽ കൊച്ചാവി, ഹോം ഫ്രണ്ട് കമാൻഡ് ഹെഡ് മേജർ ജനറൽ തമീർ യാദായ്, ഓപ്പറേഷൻസ് ഡയറക്ടറേറ്റ് കമാൻഡർ ജനറൽ അഹരോൺ ഹാലിവ എന്നിവർ 10 ദിവസം മുമ്പ് ഒരു യോഗത്തിൽ പങ്കെടുത്തിരുന്നതായാണ് സൂചനകൾ. 

ഇതിൽ കൊറോണ വൈറസിന് പോസിറ്റീവാണെന്ന് കണ്ടെത്തിയ റിസർവിലെ ഒരു കമാൻഡർ പങ്കെടുത്തിരുന്നതായി പിന്നീട് വ്യക്തമായി. പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ പ്രകാരം രോഗം സ്ഥിരീകരിച്ച കമാൻഡർ, അൾട്രാ ഓർത്തഡോക്സ് ടെൽ അവീവ് പ്രാന്തപ്രദേശമായ ബ്നെ ബ്രാക്കിലെ ഹോം ഫ്രണ്ട് കമാൻഡിന്റെ ലൈസൻസ് യൂണിറ്റിന്റെ തലവനാണ്. 

തിങ്കളാഴ്ച വരെ ഹോം ഫ്രണ്ട് കമാൻഡിന്റെ ലൈസൻസ് യൂണിറ്റിലെ 508 ജീവനക്കാർ വൈറസ് ബാധിതരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നുള്ളതും ഗുരുതരമായ സാഹചര്യമാണ് ഉയർത്തുന്നത്. 

ഇസ്രായേലിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം നാല് ദിവസത്തിനുള്ളിൽ ഇരട്ടിയായി. ആളുകളെ വീടുകളിൽ നിന്ന് 100 മീറ്ററിനപ്പുറത്തേക്ക് നടക്കാൻ പോലും അനുവാദിക്കാതെ ഇസ്രായേൽ ആകെ ലോക് ഡൗണിലാണ്.