മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരികെയെത്തിയ തൊഴിലാളികളില്‍ അണുനാശിനി തളിച്ച് യുപി സര്‍ക്കാര്‍

single-img
30 March 2020

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്ന് സ്വന്തം നാട്ടില്‍ മടങ്ങിയെത്തിയ തൊഴിലാളികൾക്ക് മേൽ അണുനാശിനി തളിച്ച് യുപി സര്‍ക്കാര്‍. യുപിയിലെ ബറേലിയിലാണ് സംഭവം. അവിടെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘത്തെയാണ് റോഡില്‍ നിരത്തിയിരുത്തിയശേഷം അണുനാശിനി തളിക്കുകയായിരുന്നു. മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നും തൊഴിലാളികള്‍ക്ക് യുപിയിലേക്ക് വരുന്നതിനായി സര്‍ക്കാര്‍ ബസ് സൗകര്യം കഴിഞ്ഞ ദിവസം ഒരുക്കിയിരുന്നു.

ഈ ബസുകളിൽ സംസ്ഥാനത്തേക്ക് എത്തിയ സംഘത്തിനുനേരെയായിരുന്നു ഈ അതിക്രമം. സർക്കാർ നടപടി വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. അതേസമയം തൊഴിലാളികൾക്ക് നേരെ ക്ലോറിന്‍ കലക്കിയ വെള്ളമാണ് തളിച്ചതെന്ന വിശദീകരണവുമായി ജില്ലാ ഭരണകൂടം രംഗത്തെത്തി. തങ്ങളുടെ പ്രവൃത്തി മനുഷ്യത്വരഹിത നടപടി അല്ല എന്നും ആളുകള്‍ കൂട്ടമായി എത്തിയതിനാല്‍ അണുവിമുക്തരാക്കേണ്ടത് അനിവാര്യമാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

എന്നാൽ തൊഴിലാളികളുടെ നേർക്കുള്ള മനുഷ്യത്വരഹിതമായ നടപടികള്‍ ഒഴിവാക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെപ്രതികരിച്ച അവർ, ഞെട്ടിപ്പിക്കുന്ന നടപടിയാണ് ഇതെന്നും ഈ തൊഴിലാളികള്‍ ഒരുപാട് സഹിച്ചവരാണെന്നും അതിനാല്‍ അവരുടെ മേല്‍ രാസവസ്തുക്കള്‍ തളിക്കരുതെന്നും അത് അവരുടെ ആരോഗ്യത്തെ നശിപ്പിക്കുകയേ ഉള്ളൂവെന്നും ട്വിറ്റ് ചെയ്തു.