മൂന്നു ദിവസത്തിനകം റാപിഡ് ടെസ്റ്റ്, കേരളത്തിൽ സമൂഹ വ്യാപനം നടന്നിട്ടില്ലെന്നും ആരോഗ്യമന്ത്രി

single-img
30 March 2020

തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ വൈറസിന്റെ സാമൂഹ വ്യാപനം നടന്നതായി സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ.ഇക്കാര്യം സ്ഥിരീകരിക്കുന്നതി നായി റാപ്പിഡ് ടെസ്റ്റ് മൂന്നു ദിവസത്തിനകം നടക്കുമെന്നും മന്ത്രി പറഞ്ഞു.  ഉപകരണങ്ങള്‍ എത്താനുള്ള കാലതാമസം മൂലമാണ് ടെസ്റ്റ് വൈകുന്നത്. ഉപകരണങ്ങള്‍ വന്നു തുടങ്ങിയാല്‍ ഉടന്‍ റാപ്പിഡ് ടെസ്റ്റ് ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രാഥമിക സ്‌ക്രീനിംഗിലൂടെ വിവിധതരത്തിലുള്ള വൈറസ് വ്യാപനം ഉണ്ടോയെന്ന് അറിയുന്നതിനായി ഉപയോഗിക്കുന്ന ലളിതമായ പരിശോധന മാര്‍ഗമാണ് റാപ്പിഡ് ടെസ്റ്റ്. മറ്റ് ഉപകരണങ്ങളുടെ സഹായമില്ലാതെ 10 മിനിറ്റ് മുതല്‍ 30 മിനിറ്റിനുള്ളില്‍ വളരെ വേഗത്തില്‍ ഫലമറിയാന്‍ കഴിയും. ഗുണമേന്മയുള്ള പരിശോധനാ കിറ്റുകള്‍ ഉയോഗിച്ചാല്‍ വളരെയധികം ആളുകളുടെ പരിശോധനകള്‍ വേഗത്തിലാക്കി രോഗവ്യാപനം വളരെ പെട്ടെന്ന് അറിയാന്‍ കഴിയും. അതേസമയം ചെലവ് വളരെ കുറവെന്ന പ്രത്യേകതയുമുണ്ട്.

ഒരു തവണ റാപ്പിഡ് ടെസ്റ്റ് നടത്തിയാല്‍ പരിശോധനാ ഫലം നെഗറ്റീവ് ആണോ പോസിറ്റീവ് ആണോ എന്ന് അന്തിമമായി പറയാനാകില്ല. അതെസമയം സംസ്ഥാനത്ത് ദിനംപ്രതി രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നതായും ആരോഗ്യമന്ത്രി വ്യക്തമാക്കി.